ഭക്ഷണം കഴിക്കാൻ ഇല്ലാത്തതും ആവശ്യങ്ങൾ നിവർത്തിക്കപ്പെടാതെ പോകുന്നതും മാത്രമല്ല ദാരിദ്ര്യം ആത്മാഭിമാനം നഷ്ടപ്പെടുന്നതും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടിവരുന്നതും ദാരിദ്ര്യം തന്നെയാണ്. എന്നിട്ടും ദാരിദ്ര്യനിർവചനങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ശുദ്ധജലം എന്നിവയുടെ അഭാവം അനുഭവപ്പെടുന്ന ജീവിതാവസ്ഥ എന്നതിലേക്ക് കാര്യങ്ങളെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഇതെഴുതുമ്പോൾ എന്റെ കൺമുമ്പിലൂടെ ഒരു യുവാവ് തന്റെ കാഴ്ചവൈകല്യമുള്ള ഭാര്യയെയും രണ്ടു പൊടിക്കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ചു നടന്നുപോകുന്നത് കാണാൻ കഴിയുന്നുണ്ട്. അന്ത്യ അത്താഴം എന്ന മട്ടിൽ ഭക്ഷണം കഴിക്കുന്നതും എത്രയോ കരുതലോടെ വാഹനങ്ങൾ തിങ്ങിനിറഞ്ഞ റോഡിലൂടെ കാഴ്ചാവൈകല്യമുള്ള ഭാര്യയെയും മക്കളെയും ചേർത്തുപിടിച്ചു നടന്നുപോകുന്നതും എനിക്കിപ്പോഴും കാണാനാവുന്നുണ്ട്. ഒരു അപകടവും തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടാകരുതെന്ന നിഷ്ക്കർഷയോടെ കൊണ്ടുനടന്ന് പരിപാലിച്ചിട്ടും ഒടുവിൽ… എല്ലാവരുമൊത്തുള്ള ഒരു കൂട്ടസമാധിയിലേക്ക് പോകാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ മാത്രമായിരുന്നോ മറ്റുള്ളതെല്ലാം?
ആ കുടുംബം എന്റെ അടുക്കൽ വന്നിരുന്നുവെങ്കിൽ ഉള്ളതിൽ പാതി പങ്കിട്ടുനല്കി അവരെ ഞാൻ ചേർത്തുനിർത്തുമായിരുന്നുവെന്ന മട്ടിലുള്ള വൈകാരികപ്രകടനങ്ങൾ സോഷ്യൽ മീഡിയായിൽ നിറഞ്ഞുകവിഞ്ഞിരുന്ന നാളുകളുണ്ട്. പക്ഷേ അത്തരം പ്രകടനങ്ങൾ നടത്തിയവരിൽ എത്രപേർ ആ കുടുംബത്തെ അതിന്റെ തീവ്രതയിലും തീക്ഷ്ണതയിലും കണ്ടിരുന്നുവെങ്കിൽ സഹായിക്കുമായിരുന്നു എന്ന് ആത്മാർത്ഥമായി ചോദിക്കേണ്ടതുണ്ട്. അതും എത്രനാൾ? എത്രത്തോളം?
വിവാഹം കഴിച്ചതിനും കുട്ടികളെ ജനിപ്പിച്ചതിനുവരെ ആ യുവാവ് ചിലപ്പോൾ പഴി കേൾക്കുകയും പരിഹസിക്കപ്പെടുകയും ചെയ്യുമായിരുന്നു. സഹായം ചോദിച്ചുവരുന്നവരെ ഉപദേശിക്കുന്നതും അവരെ ശാസിക്കുന്നതും അവരുടെ ദൗർബല്യങ്ങളെയും കുറവുകളുടെയും മേൽ നാം നടത്തുന്ന അധീശത്വമനോഭാവത്തിന്റെയും താൻപോരിമയുടെയും ഭാഗമാണ്. ദരിദ്രരെ സഹായിക്കുമ്പോൾ നാം അവരെക്കാൾ വലിയവരാകുന്നു എന്നതാണ് നമ്മുടെ വിചാരം. ആരും വലിയവരുമല്ല ചെറിയവരുമല്ല. ഓരോരുത്തരുടെയും ഗതികേടാണ് മറ്റൊരാൾക്കു മുമ്പിൽ കൈനീട്ടേണ്ട സാഹചര്യം സൃഷ്ടിക്കുന്നത്. ഇന്നേവരെ ദാരിദ്ര്യാനുഭവത്തിലൂടെ കടന്നുപോയിട്ടില്ലെങ്കിൽ നിങ്ങൾക്ക് സന്തോഷിക്കാം. കാരണം പലർക്കും വിധിച്ചിട്ടുള്ള ദാരിദ്ര്യം നിങ്ങൾക്ക് വന്നിട്ടില്ലല്ലോ എന്നോർത്ത്.
ഒരാൾക്കും ദീർഘകാലം മറ്റൊരാളെ ആശ്രയിച്ചുമാത്രം അനുദിനജീവിതവ്യാപാരങ്ങളിലേർപ്പെടാനാവില്ല. ഒരാൾക്കും എപ്പോഴും മറ്റൊരാളെ സഹായിച്ചുകൊണ്ടിരിക്കാനുമാവില്ല. അതുകൊണ്ടാണ് എല്ലാവരും അന്നന്നത്തെ അപ്പത്തിനുവേണ്ടി നെറ്റിയിലെ വിയർപ്പുകൊണ്ട് അധ്വാനിക്കുന്നത്. പക്ഷേ ഇതിലെ വൈരുദ്ധ്യം ചിലർ രാവെളുക്കുവോളം അധ്വാനിച്ചിട്ടും അവർക്കൊന്നും മിച്ചമുണ്ടാകുന്നില്ല എന്നതാണ്. അല്ലെങ്കിൽ അവരുടെ അ്ധ്വാനത്തിന് അനുസരിച്ച് വിലയുണ്ടാകുന്നില്ല എന്നതാണ്.
ദാരിദ്ര്യം അനുഭവിച്ചവനേ മറ്റൊരുവന്റെ ഇല്ലായ്മയുടെ ഭാരം അറിയാൻ കഴിയൂ. മറ്റുള്ളവന്റെ മുമ്പിൽ കൈനീട്ടിയവനേ വേറൊരുവന്റെ മുമ്പിൽ കരം നീട്ടുന്നവന്റെ നിസ്സഹായത മനസ്സിലാക്കാനാവൂ. ദാരിദ്ര്യം തുടച്ചൂനീക്കാനാവില്ല, സഹിച്ചു ജീവിക്കാനേ കഴിയൂ.
