സമ്മാനങ്ങൾ നല്കി സ്നേഹംപ്രകടിപ്പിക്കുന്നതാണ് ചിലരുടെ രീതി. ജന്മദിനങ്ങൾ, വിവാഹവാർഷികങ്ങൾ അങ്ങനെ പല അവസരങ്ങളിലും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നല്കി തങ്ങളുടെ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കാൻ മത്സരിക്കുന്നവർ ധാരാളമുണ്ട്. സമ്മാനങ്ങൾ നല്കേണ്ടതുതന്നെയാണ്. അക്കാര്യത്തിൽ തർക്കമൊന്നുമില്ല. എന്നാൽ പണം നല്കി കൊടുക്കുന്ന സമ്മാനങ്ങൾ മാത്രമാണോ യഥാർത്ഥസ്നേഹത്തിന്റെ തെളിവ്? പണം കൊടുത്തുവാങ്ങി സമ്മാനങ്ങൾ നല്കി സന്തോഷിപ്പിക്കുന്നതിനുപകരം ഒരു തുട്ടുപോലും ചെലവഴിക്കാതെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗം നമ്മുടെ പക്കലുണ്ട് എന്ന് എത്രപേർക്കറിയാം?
എല്ലാവർക്കും നല്കാൻ കഴിയുന്ന, മടിയും മറവിയുമില്ലാതെ കൊടുക്കാൻ കഴിയുന്ന ആ സമ്മാനത്തിന്റെ പേരാണ് ആലിംഗനം. കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവർക്ക് ഒരുപോലെ മനസ്സിനും ശരീരത്തിനും സൗഖ്യവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒന്നത്രെ ആലിംഗനം. വാക്കുകൾക്കപ്പുറം സംസാരിക്കുന്ന സ്നേഹത്തിന്റെ ഭാഷയാണ് ആലിംഗനം. അച്ഛനമ്മമാരുടെ ആലിംഗനം മുതൽ സുഹൃത്തിന്റെ സ്നേഹപൂർവ്വമായ ആശ്ലേഷം വരെ ഇതിൽപെടുന്നുണ്ട്. കടുത്ത മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങളിൽ സ്നേഹിക്കുന്ന ഒരാളുടെ സ്പർശവും ആലിംഗനവും ചുംബനവും എത്രയോ അധികമായിട്ടാണ് നമ്മെ ആശ്വസിപ്പിക്കുന്നത്! എങ്ങനെയാണ് ആലിംഗനം നമുക്ക് ഹൃദ്യമാകുന്നത്? ആലിംഗനം ചെയ്യുമ്പോൾ ശരീരത്തിൽ ഓക്സിറ്റോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുകയും അത് സമ്മർദ്ദ ഹോർമോൺ ആയ കോർട്ടിസോൾ കുറയ്ക്കുകയും ചെയ്യുന്നു.
ഓക്സിറ്റോസിൻ അറിയപ്പെടുന്നത് തന്നെ ലവ് ഹോർമോൺ എന്നാണ്. തന്മൂലം മനസ്സ് ശാന്തമാകുകയും സുരക്ഷിതത്വം അനുഭവപ്പെടുകയും ചെയ്യുന്നു. സ്നേഹപൂർവ്വമായ ആലിംഗനവും സ്പർശനവും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നു. ഹൃദയത്തിന് മീതെ പരക്കുന്ന സ്നേഹത്തിന്റെ തലോടലാണ് ആലിംഗനമെന്ന് ചുരുക്കം. പൊരിവെയിലിൽ നില്ക്കുമ്പോൾ വീശുന്ന തണുത്ത കാറ്റ് നമുക്കെന്തുമാത്രം ആശ്വാസം നല്കുമോ അതുപോലെയാണ് ആലിംഗനവും. ഓരോ ആലിംഗനവും വൈകാരികമായി നമ്മെ തൃപ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. നാം ഒറ്റയ്ക്കല്ല എന്നും നിനക്ക് ഞാനുണ്ട് എന്നുമാണ് ആലിംഗനത്തിലൂടെ നാം പ്രകടമാക്കുന്നത്.
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ആലിംഗനം ഏറെ സഹായകരമാണ്.വിഷാദത്തിൽ നിന്ന് കരകയറ്റാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആലിംഗനം സഹായിക്കുന്നു. സമ്മർദ്ദങ്ങൾ കുറയുന്നതോടെ പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു, സ്നേഹപൂർവ്വമായ ബന്ധങ്ങൾ ഉള്ളവർക്ക് സാധാരണയായി രോഗബാധ വളരെ കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള എളുപ്പമാർഗം കൂടിയാണ് ആലിംഗനം. അപരിചിതരോ അന്യരോ ആയി കണക്കാക്കപ്പെടുന്ന വ്യക്തികളെ നാം ആലിംഗനം ചെയ്യാറില്ല. എന്നാൽ അടുപ്പവും സ്നേഹവും തോന്നുന്നവരെ ആലിംഗനം ചെയ്യാറുമുണ്ട്. അതിലൂടെ നാം വ്യക്തമാക്കുന്നത് നീയെനിക്ക് അത്രമേൽ പ്രിയപ്പെട്ടവനാണെന്നാണ്. സ്നേഹവും അടുപ്പവും വ്യക്തമാക്കാൻ ആലിംഗനം ഏറെ സഹായിക്കും. അതിലൂടെ ബന്ധങ്ങൾ മെച്ചപ്പെടും.
പിണങ്ങിയിരിക്കുന്ന ഭാര്യഭർത്താക്കന്മാരോ സുഹൃത്തുക്കളോ ആണെന്ന് വിചാരിക്കുക. ഒരാൾ മറ്റെയാളെ ആലിംഗനം ചെയ്യുന്നതോടെ അവർക്കിടയിലെ മഞ്ഞുരുകുകയും സ്നേഹത്തിന്റെ തീരങ്ങളിലേക്ക് അവർ ഒരുമിച്ചുവീണ്ടും നടന്നുതുടങ്ങുകയും ചെയ്യുന്നു. കുഞ്ഞുങ്ങളെ സംബന്ധിച്ചും ആലിംഗനം പ്രധാനപ്പെട്ടതാണ്. മാനസികസുരക്ഷിതത്വം നല്കാനുംബുദ്ധിവളർച്ചയ്ക്കും അതേറെ സഹായിക്കുന്നു. താൻ സുരക്ഷിതനാണ് എന്നാണ് അച്ഛനമ്മമാരുടെ ആലിംഗനവും ചുംബനവും കുട്ടിയോട് പറഞ്ഞുകൊടുക്കുന്നത്. പരസ്പരമുള്ള വിശ്വാസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. പലപ്പോഴും നാം ആലിംഗനം ചെയ്യാൻ മടിക്കുന്നവരാണ് വൃദ്ധർ. ജീവിതത്തിന്റെ അവസാനരംഗത്തിൽ എത്തിനില്ക്കുന്നവരാണ് അവർ. യൗവനം ചോർന്നുപോയവർ. ഇനിയെത്ര ശ്രമിച്ചാലും യൗവനം തിരികെ കിട്ടാനില്ലാത്തവർ. ഏകാന്തത കൊണ്ട് പലപ്പോഴും മുറിവേറ്റവർ. വിഷാദത്തിലേക്കും ഏകാന്തതയിലേക്കും വഴിപിരിഞ്ഞവർ. അവരെ ആലിംഗനം ചെയ്യാൻ മറക്കാതിരിക്കുക. അവർക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരിക്കും അത്.
