ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ് അവനവരെ തന്നെ ബഹുമാനിക്കുക എന്നതും. ഇതിനായി നമുക്കെന്താണ് ചെയ്യാൻ കഴിയുന്നത്? ചില പോംവഴികൾ നിർദ്ദേശിക്കാം.
മറ്റുള്ളവരോടുള്ള യാചനകൾ അവസാനിപ്പിക്കുക
ചിലർ എന്തും യാചനയുടെസ്വരത്തിലേ സംസാരിക്കൂ. ചെയ്ത വേലയുടെ കൂലി പോലും ആവശ്യപ്പെടുന്നത് അനർഹമായി കൈപ്പറ്റുന്ന വിധത്തിലായിരിക്കും. വിനയവും എളിമയും നല്ലത്. പക്ഷേ അനാവശ്യമായ യാചന നീ നിന്നെ ബഹുമാനിക്കുന്നില്ല എന്നതിന്റെ പ്രകടമായ ലക്ഷണമാണ്. അവകാശപ്പെട്ടതു ചോദിച്ചുവാങ്ങാൻ യാചനയെ ഒഴിവാക്കുക.
അവരവരിൽ നിക്ഷേപിക്കുക
മറ്റുള്ളവരിൽ അമിതമായി ആശ്രയിക്കുകയും പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നതിനെക്കാൾ അവനവനിലുള്ള കഴിവിൽ വിശ്വസിക്കുക. കഴിവിന് അനുസരിച്ച് പരിശ്രമിക്കുക.. മറ്റുള്ളവർക്ക് നാം ഹാപ്പിയായിരിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. നമ്മുടെ സന്തോഷം നമ്മുടെ കൈയിലാണ്. അതുകൊണ്ട് സ്വയം സന്തോഷിക്കുക
അപവാദങ്ങളിൽ നിന്ന് ഒഴിവായിനില്ക്കുക
ഗോസിപ്പുകൾ പറഞ്ഞ് ആനന്ദിക്കുന്ന രീതി ഒഴിവാക്കുക. ഒരു സമയം താല്ക്കാലികമായ സന്തോഷം കിട്ടുമെങ്കിലും ആ സന്തോഷം സ്ഥിരമല്ല.പിന്നീട് ആത്മനിന്ദയിലേക്ക് പോകാനേ അതുപകരിക്കുകയുള്ളൂ. അതുകൊണ്ട് ഗോസിപ്പുകൾ ഒഴിവാക്കുമ്പോൾ, പറയാനുള്ള സാഹചര്യത്തിൽ പോലും അതുപറയാതിരിക്കുന്നത് നമ്മുക്ക് നമ്മോടുതന്നെ ബഹുമാനം വർദ്ധിപ്പിക്കും
സംസാരിക്കുന്നതിന് മുമ്പ് നല്ലതുപോലെ ആലോചിക്കുക
ഏതുകാര്യവും സംസാരിക്കുന്നതിന് മുമ്പ് നല്ലതുപോലെ ആലോചിക്കുക. നമ്മുടെ മൂല്യം നഷ്ടപ്പെടുത്തുന്നത് നമ്മുടെ സംസാരമാണ്. നല്ലതുപോലെ സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ മുമ്പിൽ നാം പരിഹാസ്യരോ നിന്ദിതരോ ആവുകയില്ല അതുപോലെ ആവശ്യത്തിൽ കൂടുതൽ സംസാരിക്കാതെയുമിരിക്കുക..
സമയത്തെ മാനിക്കുക
സമയം നിധിയാണ്, നിക്ഷേപവും. സമയം ഫലപ്രദമായും കാര്യക്ഷമമായും വിനിയോഗിക്കുന്നവർക്ക് അവനവരിൽത്തന്നെ ബഹുമാനമുണ്ടാകും
നേടുന്നവരാകുക
ലക്ഷ്യമുളളവർക്കു മാത്രമേ നേട്ടങ്ങളുണ്ടാവുകയുള്ളൂ. നേട്ടമുണ്ടാവണണമെങ്കിൽ ലക്ഷ്യവും വേണം. ജീവിതം അലക്ഷ്യമായി ചെലവഴിക്കാനുള്ളതല്ല. ജീവിതത്തെക്കുറിച്ചു ലക്ഷ്യവും നേടിയെടുക്കാൻ നേട്ടവും ഉള്ളവർക്ക് ബഹുമാനമുണ്ടാകും.
അർഹിക്കുന്ന സ്ഥാനം ലഭിക്കാത്ത ഇടങ്ങളിൽ നിന്ന് പിന്തിരിയുക
ചില വ്യക്തികളെ നമുക്ക് ഇഷ്ടമുണ്ടായിരിക്കും, അതുകൊണ്ട് അവരെ നാം ഫോൺ ചെയ്യും, അവരെ കാണാൻ പോകും. എന്നാൽ അവർക്ക് നാം അത്രമേൽ പ്രിയപ്പെട്ടവരല്ലെന്ന് നാം എപ്പോൾ തിരിച്ചറിയുന്നുവോ അപ്പോൾത്തന്നെ അവരുമായുള്ള ബന്ധം വിച്ഛേദിക്കുക. ഇല്ലെങ്കിൽ നാം വെറും ആത്മാഭിമാനമില്ലാത്തവരായിത്തീരും. അതുപോലെ നമ്മെ പുച്ഛിക്കുകയും വിലയില്ലാത്തവരായി കണക്കാക്കുകയും ചെയ്യുന്നവരോടും ്അകലംപാലിക്കുകയും അവരിൽ നിന്ന് വിട്ടുനില്ക്കുകയും ചെയ്യുക. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളെയും വ്യക്തികളെയും ഒഴിവാക്കാൻ മടിവിചാരിക്കരുത്.
കൊടുക്കാൻ മടിക്കാതിരിക്കുക
കൊടുക്കുന്നവരായിത്തീരുക. എന്നാൽ പലർക്കും അതു സാധിക്കുന്ന കാര്യമല്ല. കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നവരാണ് പലരും. അത്തരക്കാർക്കിടയിൽ കൊടുക്കാൻ മനസ്സുകാണിക്കുക. അപ്പോൾ നമുക്ക് നമ്മോടുതന്നെ ബഹുമാനം തോന്നും. കൊടുക്കാത്തവർക്ക് ഒന്നും തിരികെ കിട്ടുന്നില്ല.
