ഒരു മെഴുകുതിരിയുടെ ചാരത്ത്

Date:


ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തെ നെടുകെയും കുറുകെയും ഛേദിച്ചുകളയുന്ന  അനുഭവമാണ് വൈധവ്യം. അപ്രതീക്ഷിതമോ അല്ലെങ്കിൽ മുന്നറിവുകളോടുകൂടിയതോ ആയ ഭർത്താവിന്റെ മരണത്തിന് ശേഷം അവളുടെ ജീവിതം ആകെ മാറിമറിയുന്നു. അവളുടെ ജീവിതം പിന്നീട് മറ്റൊരു വഴിയെയാണ് സഞ്ചരിക്കുന്നത്. ആ യാത്രയിൽ അവളെ മുന്നോട്ടു നയിക്കുന്നത് മക്കൾ എന്ന ഏക ലക്ഷ്യമായിരിക്കും. മക്കൾക്കുവേണ്ടി ജീവിക്കുക. മക്കളുടെ ജീവിതം കരുപ്പിടിപ്പിക്കുക.  അതോടൊപ്പം ഭർത്താവിൽ നിന്ന് ലഭിക്കേണ്ട കരുതലും സംരക്ഷണവും പരിഗണനയുമെല്ലാം അവൾ  മക്കളിൽ നിന്ന് ആഗ്രഹിക്കുകയും ചെയ്യും. വേദനയോടെയാണെങ്കിലും നേരിടേണ്ടിവരുന്ന ഭർത്തൃവിരഹത്തിന് ശേഷം അവൾ കണ്ടെത്തുന്ന ആശ്വാസത്തുരുത്താണ് മക്കൾ.

എന്നാൽ ആ ആശ്വാസവും ഒന്നിന് പുറകെ മറ്റൊന്നായി തുടച്ചുനീക്കപ്പെടുകയാണെങ്കിലോ? ആ വിധവ ആരിൽ ആശ്വസിക്കും. ആര് അവളെ ആശ്വസിപ്പിക്കും?

അത്തരമൊരു അസാധാരണമായ ജീവിതമാണ് റാണി ജോൺസൺ എന്ന വിധവയുടേത്. മലയാള സിനിമാ ഗാനരംഗത്തെ  പ്രശസ്തരിൽ മുമ്പന്തിയിലുണ്ടായിരുന്ന ജോൺസൺ മാസ്റ്ററായിരുന്നു റാണിയുടെ ഭർത്താവ്.  പ്രശസ്തിയുടെ നെറുകെയിൽ നില്ക്കുമ്പോഴായിരുന്നു ജോൺസൺന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ. ഒരു തലവേദനയിൽ ആരംഭിച്ച്, ശ്വാസം മുട്ടലിലൂടെ മുന്നോട്ടുപോയി  അദ്ദേഹത്തിന്റെ ഹൃദയം നിശ്ചലമായപ്പോൾ ആ മരണത്തിന്റെ അവസാന നിമിഷംവരെ കൂടെയുണ്ടായിരുന്ന റാണിയുടെ ഹൃദയതന്ത്രിയിലെ കമ്പികളാണ് പൊട്ടിപ്പോയത്.

റാണിയുടെ ജീവിതത്തിലെ ആദ്യ ദുരന്തമായിരുന്നു അത്. 2011 ഓഗസ്റ്റ് 18 ആയിരുന്നു ആ ദിനം. അന്ന് ജോൺസൺ മാഷിന് 58 വയസായിരുന്നു പ്രായം.

ഇനി ജീവിതം മകൻ റെന്നിനും മകൾ ഷാനിനും വേണ്ടിയെന്ന് കരുതി മുന്നോട്ടുപോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആറു മാസങ്ങൾക്ക് ശേഷം മറ്റൊരു ദുരന്തം റാണിയെ തേടിയെത്തിയത്. റെൻ ജോൺസൺന്റെ മരണം.

ഈ ലോകത്തിലേക്കും വച്ചേറ്റവും കൂടുതലായി താൻ സ്നേഹിക്കുന്നത് തന്റെ അമ്മയെയാണെന്ന് കൂട്ടുകാരോട് പറയാറുണ്ടായിരുന്ന മകനായിരുന്നു റെൻ. അമ്മയെ ഒഴിവാക്കിക്കൊണ്ട് അവൻ നടത്തിയിരുന്ന യാത്രകൾ പഠിച്ചിരുന്ന സമയം സ്‌കൂൾ-കലാലയങ്ങളിലേക്കും ജോലി കിട്ടിയപ്പോൾ ഓഫീസിലേക്കും മാത്രമായിരുന്നു. എവിടെ പോയാലും അമ്മയെ  കൂടെ കൂട്ടിയിരുന്ന അവനെപോലെ ഒരു മകൻ അപൂർവ്വമായിരിക്കും.

അപ്പനെക്കാളേറെ അമ്മയോടായിരുന്നു അവന് അടുപ്പവും. അങ്ങനെയുള്ള മകനാണ് ഒന്ന് യാത്രപോലും പറയാതെ… പതിവു പോലെ ഓഫീസിലേക്ക് പോയതായിരുന്നു റെൻ. പക്ഷേ ആ യാത്ര ഓഫീസിലെത്തിയില്ല എന്നുമാത്രം.
2012 ഫെബ്രുവരി 25 ന് ഒരു ബൈക്ക് അപകടത്തിന്റെ രൂപത്തിൽ  പ്രഭാതത്തിൽ റെൻ ജോൺസൺ, റാണിയിൽ നിന്നും പറന്നകന്നു. ഇനിയും അഴുകിത്തീർന്നിട്ടില്ലാത്ത  അപ്പന്റെ ശവപ്പെട്ടിക്ക് മീതെ മകന്റെ ശവപേടകവും ഇറക്കിവച്ചപ്പോൾ അത് കണ്ടുനില്ക്കാനാവാതെ റാണി തളർന്നുപോയിരുന്നു. 

ഡാഡിയുടെയും റെന്നിന്റെയും സ്നേഹം നല്കാൻ ഇനി ഞാനില്ലേ എന്നായിരുന്നു അപ്രതീക്ഷിതമായ രണ്ടു മരണങ്ങളുടെ ആഘാതത്തിൽ തളർന്നുപോയ റാണിയെ ഷാൻ ആശ്വസിപ്പിച്ചത്.  മകളുടെ തണലിലായിരുന്നു റാണിയുടെ പിന്നീടുള്ള ജീവിതം. ചെന്നൈയിൽ നിന്ന് ആഴ്ച തോറും അമ്മയെ കാണാൻ അവൾ തൃശൂരിലെത്തി. 

അതിനിടയിൽ ജോൺസൺ മാഷ് പൂർത്തിയാക്കാതെ പോയ നാലു സിനിമകളുടെ സംഗീതം പൂർത്തിയാക്കിയതിന് പുറമെ സ്വതന്ത്ര സംഗീതസംവിധാനത്തിലേക്കും ഷാൻ പ്രവേശിച്ചിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.

 അപ്പോഴാണ് റാണിയുടെ ജീവിതത്തിലേക്ക് മൂന്നാമത് ദുരന്തവും കടന്നുവന്നത്. 2016 ഫെബ്രുവരി 5 ന് ചെന്നൈയിലെ ഫ്‌ളാറ്റിൽ മരിച്ചുകിടക്കുന്ന നിലയിലാണ് ഷാനെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം കണ്ടെത്തി. ഹാർട്ട് അറ്റാക്ക്.

ഒരു അമ്മയ്ക്ക് ഇതെങ്ങനെ സഹിക്കാനാവും. അടിക്കടിയുള്ള ദുരന്തങ്ങൾ… സ്നേഹത്തിന്റെ സംഗീതം  എപ്പോഴും ഉയർന്നുകേട്ടിരുന്ന വീട്ടിൽ നിന്ന് വിലാപത്തിന്റെ സംഗീതം മുഴങ്ങി. റാണിയുടെ ലോകം വീട്ടിലെ ഒരു മുറിയിലേക്ക് മാത്രമായി ഒതുങ്ങി. എന്നും രാവിലെ പള്ളിയിൽ പോകും. ഭർത്താവിനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കും. തിരികെ വീട്ടിലെത്തി മുറിക്കുള്ളിൽ കയറി വാതിലടയ്ക്കും. 

ഇനിയൊരിക്കലും തനിക്ക് ഈ ലോകത്തെ നേരിടാനുള്ള കരുത്തില്ലെന്ന് റാണിക്ക് തോന്നി. ലോകം പെട്ടെന്ന് ശൂന്യമായിരിക്കുന്നതുപോലെ. തന്നെ താങ്ങിനിർത്തിയിരുന്ന അച്ചുതണ്ടുകൾ എല്ലാം മുനയൊടിഞ്ഞ് നിലംപറ്റിയിരിക്കുന്നു. അവയ്ക്കൊപ്പം താനും.

അതിനിടയിലായിരുന്നു ഒരു ധ്യാനത്തിൽ പങ്കെടുത്തത്. ആ ധ്യാനം റാണിയുടെ ജീവിതത്തെ മാറ്റിമറിച്ചു. സങ്കടങ്ങളെയും നിരാശതകളെയും വേർപാടുകളെയും ദൈവത്തിന്റെ കരങ്ങളിൽ നിന്ന് ഏറ്റുവാങ്ങാൻ തക്കവിധത്തിൽ മനപ്പരിവർത്തനം സംഭവിച്ചു. ഇതുവരെ മനുഷ്യരിൽ ആശ്രയത്വം കണ്ടെത്തിയിരുന്ന  റാണി ദൈവത്തിൽ ആശ്രയത്വം കണ്ടെത്താൻ ആരംഭിക്കുകയായിരുന്നു ദൈവം മാത്രമേ ഏതൊരാൾക്കും അവസാനത്തെ അത്താണിയായിട്ടുള്ളൂവെന്ന് റാണി തിരിച്ചറിഞ്ഞു. മകന്റെ കൈപിടിച്ചു മാത്രം നടന്നുനീങ്ങിയിരുന്ന റാണി ആരുടെയും കൈപിടിക്കാതെ  വീഴാതെ നടന്നുതുടങ്ങിയപ്പോൾ അത് ആ സ്ത്രീയുടെ ജീവിതത്തിലെ രണ്ടാം പിറവിയായിരുന്നു. 

വൈധവ്യം പോലെ ജീവിതത്തിലെ ചില ആഘാതങ്ങളുടെ നടുവിൽ ഒരാളുടെ ആത്മീയത അയാളെ എത്രത്തോളം തുണയ്ക്കും എന്നതിന്റെ ഉദാഹരണം കൂടിയാണ് റാണി ജോൺസൺന്റെ ജീവിതം.    നഷ്ടങ്ങളെയും ദുർഘടസന്ധികളെയും ആത്മീയമായ കാഴ്ചപ്പാടോടെ നോക്കിക്കാണാൻ കഴിയുക എന്നത്  സ്വയം ആശ്വസിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനും കഴിയുന്ന ഒരു മാർഗ്ഗം കൂടിയാണ്.

 റാണി ജോൺസൺ എന്ന വിധവയുടെ ജീവിതം പറയുന്നത് അതാണ്. ആത്മീയതയുടെ അടിത്തറയും ദൈവത്തിലുള്ള ശരണവുമാണ് റാണിയുടെ ജീവിതത്തെ ഇന്ന്  ക്രമപ്പെടുത്തിയിരിക്കുന്നത്.

വൈധവ്യത്തിന്റെ തീക്കാറ്റേറ്റു വാടുന്നവർക്ക്, പ്രിയപ്പെട്ടവരുടെ വേർപാടിൽ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ടവർക്ക്, അവർക്ക് ഇന്ന് റാണി ഒരു പാഠപുസ്തകമാണ്.  കനത്ത നഷ്ടങ്ങൾക്ക് ശേഷവും ജീവിതത്തെ അതിന്റെ പൂർണ്ണാർത്ഥത്തിൽ എങ്ങനെ ചെലവഴിക്കാമെന്നതിന്റെ… നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളെ എങ്ങനെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിക്കാം എന്നതിന്റെ…  റാണി ഒരു ആശ്വാസതീരം കൂടിയാണ്. വെയിലേറ്റു തളർന്നുവരുന്നവർക്ക് ഒരു വൻവൃക്ഷം തണലേകുന്നതുപോലെയും.

 സൗമ്യമായി കത്തുന്ന ഒരു മെഴുകുതിരിയുടെ പ്രകാശത്തെയാണ് ഇന്ന് റാണി ജോൺസൺ ഓർമ്മിപ്പിക്കുന്നത്. പ്രസംഗിക്കാതെയും പ്രവർത്തിക്കാതെയും സ്വന്തം ജീവിതം കൊണ്ട് റാണി ഇന്ന് വെളിച്ചം പരത്തുന്നു.  ഇരുണ്ടുപോയ മനസ്സുമായി  ആ മെഴുകുതിരിയുടെ ചാരെ ചെന്നിരിക്കുന്ന ഒരാളിലേക്ക്  ആ മെഴുകുതിരിയിൽ നിന്ന് ഒരുതരി വെളിച്ചം കടന്നുചെല്ലാതിരിക്കില്ല. ആ വെളിച്ചത്തിൽ പിന്നീട് മുന്നോട്ടുനീങ്ങാനുള്ള കരുത്ത് ലഭിക്കുകയും ചെയ്യും.

More like this
Related

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ്...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...