സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ സ്നേഹിക്കപ്പെടാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ പലർക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുമില്ല. എന്നെ സ്നേഹിച്ചോണം എന്നാണ് അവരുടെ മട്ട്. പൊതുവെയുള്ള കാഴ്ചപ്പാടും അങ്ങനെയാണെന്ന് തോന്നുന്നു. പക്ഷേ നമുക്ക് അങ്ങനെ എല്ലാവരെയും സ്നേഹിക്കാൻ കഴിയുമോ? ഇല്ല എന്നതാണ് വാസ്തവം. സ്നേഹത്തിന്റെ കാര്യത്തിൽ നമ്മൾ അത്ര ഉദാരരല്ല. ശത്രുക്കളെ സ്നേഹിക്കണം എന്നൊക്കെ പ്രസംഗപീഠങ്ങളിൽ പറയാനും ആത്മീയലേഖനങ്ങളിൽ ഉൾപ്പെടുത്താനും കഴിയും എന്നല്ലാതെ പ്രായോഗികജീവിതത്തിൽ അതിനുള്ള സാധ്യതകൾ വളരെ കുറവാണ്. അങ്ങനെയെങ്കിൽ സ്നേഹിക്കപ്പെടാൻ നാം എന്താണ് ചെയ്യേണ്ടത്? സ്നേഹിക്കപ്പെടാൻ തക്ക യോഗ്യതയുള്ളവരായി മാറാൻ നാം എന്താണ് ചെയ്യേണ്ടത്?
ഒരാളും വെറുതെയല്ല നമ്മളെ സ്നേഹിക്കുന്നത്. അവരിലേക്ക് ആകർഷണം തോന്നുന്ന വിധത്തിലുള്ള ഏതൊക്കെയോ ചില ഘടകങ്ങൾ നമ്മുടെ രൂപത്തിലോ ഭാവത്തിലോ വ്യക്തിത്വത്തിലോ കടന്നുകൂടിയിരിക്കുന്നതുകൊണ്ടുതന്നെയാണ് അത്. ബാഹ്യരൂപം കണ്ട് സ്നേഹം തോന്നുന്നതുമുതൽ ആന്തരികനന്മ കണ്ട് സ്നേഹം തോന്നുന്നതുവരെ സ്നേഹത്തിന്റെ ഭാവത്തിലേക്ക് എത്താൻ നമുക്ക് പല കാരണങ്ങളുണ്ട്. സ്നേഹിക്കപ്പെടുന്നതിൽ നാം അഭിമാനിക്കണം. ആരുടെയും സൗജന്യമല്ല അത്. അർഹതയുള്ളതുകൊണ്ടാണ് സ്നേഹിക്കപ്പെടുന്നത് എന്ന ചിന്ത നമ്മെ ആത്മാഭിമാനബോധമുള്ളവരുമാക്കിത്തീർക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും സ്നേഹിക്കപ്പെടാൻ തക്കയോഗ്യതയുള്ളവരാകാൻ നാം നമ്മുടെ ഭാഗത്തുനിന്നും ചിലതൊക്കെ ചെയ്യേണ്ടതുണ്ട്. ശാരീരികശുചിത്വം പോലും സ്നേഹിക്കപ്പെടാൻ പ്രധാനമാണെന്ന് പറയുമ്പോൾ ചിലരൊക്കെ എതിർത്തേക്കാം. മാംസനിബദ്ധമല്ല രാഗം എന്നൊക്കെയായിരിക്കും അവരുടെ വിശദീകരണം. പക്ഷേ ദാമ്പത്യബന്ധത്തിലോ അല്ലെങ്കിൽ സുഹൃദ്ബന്ധത്തിലോ സ്നേഹത്തിന്റെ കാര്യം വരുമ്പോൾ ശാരീരികശുചിത്വവും പ്രധാനമാണെന്ന് പറയേണ്ടിവരും. ആലിംഗനത്തിനോ ചുംബനത്തിനോ തയ്യാറാകുമ്പോൾ ശരീരങ്ങൾക്ക് അനുഭവപ്പെടുന്ന ദുർഗന്ധങ്ങൾ സ്നേഹം മന്ദീഭവിക്കുന്ന അനുഭവം സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് ശാരീരികശുചിത്വം, വൃത്തിയുള്ള വസ്ത്രം, പെർഫ്യൂം എന്നിവയെല്ലാം ഉപയോഗിക്കേണ്ടത് ആകർഷകത്വവും സ്നേഹവും സൃഷ്ടിക്കാനുള്ള കാരണങ്ങളാണ്. ഒരാളോടു തോന്നുന്ന വിശ്വാസമാണ് അയാളോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനം. ഇങ്ങനെ വിശ്വാസം തോന്നണമെങ്കിൽ രഹസ്യങ്ങൾ സൂക്ഷിക്കാൻ നാം തയ്യാറാകണം.
ഏതൊരാളും രഹസ്യമായി നമ്മെ പറഞ്ഞേല്പിക്കുമ്പോൾ അതു കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. രഹസ്യങ്ങൾ പുറത്താക്കുമ്പോൾ ബന്ധങ്ങൾ തകരുകയും സ്നേഹം ചോർന്നുപോവുകയും ചെയ്യുന്നു. ഒരാളുമായുള്ള സ്നേഹബന്ധം കാത്തുസൂക്ഷിക്കാനും സ്നേഹിക്കപ്പെടാനുമാണ് ആഗ്രഹമെങ്കിൽ ഒരിക്കലും അയാൾ നിന്നോടുമാത്രമായി പറഞ്ഞകാര്യം ആരോടും വെളിപ്പെടുത്തരുത്. മറ്റുള്ളവരെ കേൾക്കുകയാണ് മറ്റൊന്ന്. ഇന്ന് പലരും കേൾക്കാനല്ല പറയാനാണ് ആഗ്രഹിക്കുന്നത്. ഫോണിൽ വിളിച്ചുസംസാരിക്കുന്നവരിൽ പലരും പറയാനുള്ളതു മുഴുവൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്യുന്നവരാണ്. ആരെ വിളിച്ചോ അവരോട് വിശേഷങ്ങൾ ചോദിക്കാൻ പലരും മറന്നുപോകുകയോ വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്നു.
സംഭാഷണം ഏതുതരത്തിലുമുള്ളതായിക്കോട്ടെ പറയുകയും കേൾക്കുകയും വേണം. റേഡിയോ പോലെ സംസാരിച്ചിട്ട് ഓഫാക്കാതിരിക്കുക. നിങ്ങളെ വിശ്വാസത്തിലെടുക്കണമെന്നാണ് ആഗ്രഹമെങ്കിൽ തീരെ ചെറിയ നുണപോലും പറയാതിരിക്കുക. പറഞ്ഞ നുണ നാളെ നാം വിസ്മരിച്ചുപോയേക്കാം. പക്ഷേ കേട്ടവർ ആ നുണ വിസ്മരിക്കണമെന്നില്ല. ആദ്യം പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് രണ്ടാമതും സംസാരിക്കുന്നതെങ്കിൽ നിങ്ങളിലുളള വിശ്വാസത്തിന് എവിടെയോ കോട്ടം സംഭവിച്ചിട്ടുണ്ട്. സാധിക്കുമെങ്കിൽ നുണ പറയാതിരിക്കുക. ആത്മാർത്ഥത പുലർത്തുക. ജീവിതത്തിൽ വളരാനും മെച്ചപ്പെടാനും ആഗ്രഹിക്കുന്നവരാണെങ്കിൽ തിരുത്തലുകളോട് തുറവി കാണിക്കുക. പല ബന്ധങ്ങളും തകരുന്നത് വിമർശനങ്ങളോട് തുറവി കാണിക്കാത്തതുകൊണ്ടാണ് മറ്റുളളവരെ വിമർശിക്കാം എന്നാൽ എന്നെ വിമർശിക്കരുത് എന്ന മട്ടുള്ളവരുമായി ഒരുമിച്ചുപോവുക ദുഷ്‌ക്കരമാണ്. വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും പ്രതിപക്ഷബഹുമാനത്തോടെ സംസാരിക്കുകയും ചെയ്യുമ്പോഴാണ് ബന്ധങ്ങൾ വളരുന്നത്. സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് വളരണമെന്നാണ് ആഗ്രഹമെങ്കിൽ പൂർണ്ണമായും വിട്ടുകൊടുക്കുക. സ്നേഹം പിടിച്ചുവയ്ക്കാനുള്ളതല്ല അത് കൊടുക്കുമ്പോഴാണ് തിരികെ കിട്ടുന്നത്.
