ഹൃദയം കൊടുത്തുസ്നേഹിച്ചിട്ടും ഫ്രണ്ട് അതിനൊത്തവിധം സ്നേഹിക്കാത്തതും മനസ്സിലാക്കാത്തതും മാത്രമല്ല നമ്മളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതും മറ്റ് ചില കൂട്ടുകെട്ടുകൾ ആരംഭിക്കുന്നതും എത്രയോ ഹൃദയഭേദകമാണ്! കൂട്ടത്തിൽ ചേർക്കാത്തവനായി സുഹൃത്ത് നമ്മെ ഒഴിവാക്കുമ്പോഴും ഇതേ വേദനയിലൂടെയാണ് നാം കടന്നുപോകുന്നത്. എന്റെ പ്രശ്നം കാരണമാണോ ഇതെല്ലാം സംഭവിച്ചത് എന്ന ചിന്തയായിരിക്കും ആദ്യം മനസ്സിലേക്ക് വരുന്നത്. ഇത്തരം സാഹചര്യം അഭിമുഖീകരിക്കേണ്ടിവരുമ്പോൾ ആദ്യം ശാന്തമായി ആലോചിക്കുകയും ശരിയായ രീതിയിൽ ഈ വിഷയത്തെ സമീപിക്കുകയുമാണ് വേണ്ടത്. ആദ്യം വേണ്ടത് വികാരങ്ങളെ അംഗീകരിക്കുകയാണ്. നഷ്ടബോധവും ദു:ഖവും കോപവും തോന്നുന്നത് സ്വാഭാവികമാണ്. അവയെ അവഗണിക്കുകയോ നിഷേധിക്കുകയോ പാടില്ല. വേദന വേദന തന്നെയാണ്, അതുകൊണ്ട് ആ വേദനയെ അടിച്ചമർത്താതിരിക്കുക.
അടുത്തതായി ചെയ്യേണ്ടത് എന്തുകൊണ്ടാണ് സുഹൃത്ത് തന്നെ ഒഴിവാക്കിയത് എന്ന് കണ്ടെത്തുകയാണ്. തെറ്റിദ്ധാരണയായിരുന്നോ മറ്റ് ആളുകളുടെ കുതന്ത്രമാണോ അതോ നിങ്ങളുടെതന്നെ കുറ്റം കൊണ്ടായിരുന്നോ.. കാരണം എന്തുതന്നെയായാലും അതു തുറന്നുസംസാരിക്കുക. സുഹൃത്തിനെ കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക. നിങ്ങൾ നിങ്ങളുടെ വികാരമാണ് പ്രകടിപ്പിക്കേണ്ടത്. എന്നെ ഒഴിവാക്കുന്നതായി എനിക്ക് തോന്നുന്നു. അതുകൊണ്ട് എനിക്ക് സങ്കടമുണ്ട്. ഇങ്ങനെയായിരിക്കണം പറയേണ്ടത്. ചിലപ്പോൾ സുഹൃത്ത് ബോധപൂർവം നമ്മെ ഒഴിവാക്കുന്നതല്ല എങ്കിലോ? എനിക്ക് മൂല്യമില്ലാത്തതുകൊണ്ടാണ് സുഹൃത്ത് അകന്നുപോയതെന്നോ ഒഴിവാക്കിയതെന്നോ ചിന്തിക്കരുത്. എല്ലാവരും നമ്മുടെ മൂല്യം തിരിച്ചറിയണമെന്നില്ല. ഒരാൾ ഒഴിവാക്കി എന്നതുകൊണ്ട് നമുക്ക് മൂല്യം നഷ്ടപ്പെടണമെന്നില്ല. ത ന് നിങ്ങളെ ആവശ്യമില്ലെങ്കിൽ ഥ ക്ക് നിങ്ങളെ ആവശ്യമുണ്ട്. ആവർത്തിച്ചു അവഗണിക്കുന്നവരെ ഒഴിവാക്കി നിങ്ങളെ ആദരിക്കുകയും നിങ്ങളുടെ സാന്നിധ്യവും സൗഹൃദവും ആവശ്യമുള്ളവരെയും സ്വീകരിക്കുക. ഒരാൾ നിങ്ങളെ ഒഴിവാക്കിയാൽ രണ്ടുപേർ നിങ്ങളെ സ്വീകരിക്കാനുണ്ടാവും. അതു മറക്കാതിരിക്കുക.
