ആരെക്കണ്ടാലും ചിലർ പറയുന്നത് കേട്ടിട്ടില്ലേ ‘എന്റെ സുഹൃത്താണ്.. ‘
സൗഹൃദങ്ങളെ വളരെ ചുരുക്കമായി കൊണ്ടുനടക്കുന്ന ഒരാളാണ് എങ്കിൽ ഇതുകേൾക്കുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം.
‘ഹോ ഇയാൾക്ക് എന്തുമാത്രം സുഹൃത്തുക്കളാ! എങ്ങനെയാണാവോ ഇയാൾക്ക് ഇത്രയധികം സുഹൃത്തുക്കളെ ലഭിച്ചത്?’
എല്ലാവരും സുഹൃത്തുക്കളാകുന്നത് ഒരു നല്ല ഗുണമാണെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. അവിടെയെന്തോ പ്രശ്നമുണ്ട്. കാരണം നമുക്ക് എല്ലാവരെയും സുഹൃത്തായി കണക്കാക്കാനാവില്ല. എല്ലാവരെയും സുഹൃത്തായി കണക്കാക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ ആരോടും ആത്മാർത്ഥത പുലർത്താറില്ലെന്ന് പറയേണ്ടിവരും. എന്നാൽ എല്ലാവരോടും മാന്യതയോടും ആദരവോടും സൗഹാർദ്ദത്തോടും സംസാരിക്കുന്നത് നിങ്ങളുടെ മേന്മയുമാണ്.
ഒരുമിച്ചു പഠിക്കുകയും ഒരുമിച്ചു ജോലിചെയ്യുകയും ഒരുമിച്ചു ജോലി ചെയ്യുകയും ചെയ്യുന്നവരെല്ലാം സുഹൃത്തുക്കളാകുന്നില്ല. അവരിൽ നിന്ന് വളരെ കുറച്ചുപേർ അതിലും കൃത്യമായി പറഞ്ഞാൽ മൂന്നോ നാലോ പേർ മാത്രമേ നിങ്ങളുടെ സുഹൃത്താകുന്നുള്ളൂ. അതിൽ തന്നെ ഒരു തിരഞ്ഞെടുപ്പ് വേണ്ടിവരികയാണെങ്കിൽ ഒരാൾ മാത്രമായി നിങ്ങളുടെ സുഹൃത്തിന്റെ എണ്ണം ചുരുങ്ങും.
സംഘമായി നിങ്ങൾ ഒരു ട്രിപ്പ് പോകുന്നുവെന്ന് വിചാരിക്കുക. ബൈക്കിന് പിന്നിൽ ആ സുഹൃത്തിനാണ് നിങ്ങൾ സ്ഥാനം കൊടുക്കുന്നത്. അല്ലെങ്കിൽ അവന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്രചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്.കാരണം അയാളോട് മാത്രമാണ് നിങ്ങൾക്ക് കൂടുതൽ അടുപ്പം. അയാൾക്കൊപ്പമായിരിക്കുമ്പോൾ നിങ്ങൾ കൂടുതൽ സുരക്ഷിതത്വം അനുഭവിക്കുന്നു.
അവനോട് മാത്രമായി പറയാൻ കുറെ കാര്യങ്ങൾ നിങ്ങൾക്ക് ബാക്കിയുണ്ട്. ഒരു സങ്കടം വരുമ്പോൾ അവനുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഒരാവശ്യം വരുമ്പോൾ അവനെ ഓർമ്മിക്കുന്നു. ഇങ്ങനെ ജീവിതത്തിന്റെ വിവിധ അവസ്ഥകളിലും സാഹചര്യങ്ങളിലും ഏതൊരാളെയാണോ കൂടുതലായി ഓർമ്മിക്കുന്നത്, ആഗ്രഹിക്കുന്നത് അയാൾ മാത്രമാണ് നിങ്ങളുടെ സുഹൃത്താകുന്നത്. വിശാലമായ സുഹൃദ് വലയം ഉള്ളപ്പോഴും ഒരാൾ മാത്രമാണ് ഏതൊരു സുഹൃദ്ബന്ധത്തിലും നമ്മുടെ ഹൃദയത്തിന്റെ അയൽക്കാരനാകുന്നത്.
വൈകാരികമായ അടുപ്പം സൗഹൃദത്തിന്റെ അടിത്തറയാണ്. വൈകാരികത ഇല്ലാതിരിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ എല്ലാവരും നമുക്ക് ഒരുപോലെയാണ്. ഒരു സുഹൃത്തിൽ നിന്ന് എന്തൊക്കെയാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത് അതെല്ലാം നിങ്ങൾ അയാൾക്ക് നല്കാനും ബാധ്യസ്ഥനാണ്. പലപ്പോഴും കണ്ടുവരുന്നത് സുഹൃത്തിന് നല്കാൻ ഒന്നും ഇല്ലാതിരിക്കുകയും സുഹൃത്തിൽ നിന്ന് സ്വീകരിക്കാൻ പലതും ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഉപയോഗിക്കുക എന്നേ അതിന് പറയാൻ കഴിയൂ. ഉപയോഗിക്കപ്പെടാനുള്ളവരല്ല സുഹൃത്തുക്കൾ, മറിച്ച് ജീവിതാന്ത്യംവരെ കൂടെയുണ്ടെന്ന് ഉറപ്പുവരുത്തി പരിപാലിച്ചുകൊണ്ടുനടക്കേണ്ടവരാണ്.
സുഹൃത്തുക്കൾ നല്ലതാണ്, നല്ല സുഹൃത്ത് അതിലേറെ നല്ലതും. എല്ലാവരും സുഹൃത്തുക്കളാകുന്ന ആ പരിപാടി അവസാനിപ്പിച്ചിട്ട് എല്ലാവരോടും സൗഹൃദപൂർവ്വം സംസാരിക്കുകയും പലരിൽ നിന്ന് ഒരാളെ മാത്രം സുഹൃത്തായി ജീവിതത്തിലേക്ക് സ്വീകരിക്കുകയുമാണ് വേണ്ടത്.
