Home Inspiration & Motivation Inspiration ഇത് ഒരു നടനും കൂടിയാണ്

ഇത് ഒരു നടനും കൂടിയാണ്

0
ഇത് ഒരു നടനും കൂടിയാണ്

ഒരു പൊട്ടാസ് ബോംബ് എന്ന സിനിമ ആരംഭിക്കുന്നത് ഒരു സ്‌കൂളിലെ കുട്ടികളുടെ ഓട്ടമത്സരത്തിൽ നിന്നാണ്. കുട്ടികൾ എല്ലാവരും മത്സരിക്കുന്നത് നോക്കിനില്ക്കുന്നവർക്കിടയിൽ വികലാംഗനായ ഒരുവനുമുണ്ട്. അവനും മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. അവനത് അച്ഛനോട് പറയുമ്പോൾ അച്ഛൻ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ രണ്ടാളും കൂടി അധ്യാപകന്റെ അടുക്കലെത്തുമ്പോൾ ആ ബാലനെ അടിമുടി നോക്കിയിട്ട് അയാൾ ചോദിക്കുന്നു, ഈ ഒന്നരക്കാലും വച്ചുകൊണ്ടാണോ രണ്ടുകാലും ഉള്ളവരുടെ കൂടെ മത്സരിക്കാൻ പോകുന്നത്?

ബിബിൻ ജോർജ് എന്ന നടന്റെയും തിരക്കഥാകൃത്തിന്റെയും ജീവിതമായിരുന്നു ആ രംഗം.  കാരണം എല്ലാം തികഞ്ഞവരുടെ ലോകമായ സിനിമയിൽ  പോളിയോ തകർത്തുകളഞ്ഞ കാലും കൊണ്ടാണ് ഈ ചെറുപ്പക്കാരൻ ഇന്ന് ഓടി മുൻനിരകളിലൊന്നിൽ എത്തിനില്ക്കുന്നത്. അഭിനയരംഗവും സിനിമയും എന്നാൽ എന്താണെന്ന് ഏകദേശ ധാരണ എല്ലാവർക്കുമുണ്ട്. കഴിവിനുമപ്പുറം അവിടെ സൗന്ദര്യവും ആരോഗ്യവും പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഇനി സൗന്ദര്യത്തിന്റെ കുറവ് കഥാപാത്രങ്ങളുടെ അവതരണത്തിലൂടെ പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ വികലാംഗനായ ഒരാളെ നായകനായോ സഹതാരമായോ കാണുക അത്ര സാധാരണമല്ല. പക്ഷേ ബിബിൻ ജോർജ് എന്ന നടനിൽ ഈ ധാരണകൾ തിരുത്തിക്കുറിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നത്. 

മൂന്നു ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഒരുസിനിമയിലെ നായകനുമുൾപ്പടെ ഏതാനും സിനിമകളിൽ സഹവേഷവും അഭിനയിച്ച ബിബിൻ ജോർജ് എന്ന വ്യക്തിക്ക് എങ്ങനെയാണ് താരരാജാക്കന്മാർ വാണരുളുന്ന സിനിമയിൽ തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ആർക്കും നിഷേധിക്കാനാവാത്ത ഒരു ഇടം കിട്ടിയത്?  

തലതൊട്ടപ്പന്മാരോ സിനിമയുടെ പാരമ്പര്യമോ അയാൾക്കുണ്ടായിരുന്നില്ല. പക്ഷേ സ്വപ്നം കാണാനും അദ്ധ്വാനിക്കാനുമുള്ള മനസ്സ് അയാൾക്ക് സ്വന്തമായുണ്ടായിരുന്നു. ബിബിൻ തന്റെ കുറവുകളിലേക്ക് നോക്കിയില്ല, അവയോർത്ത് അപകർഷതയോടെ ഓടിയൊളിച്ചുമില്ല. അയാൾക്ക് തന്റെ കഴിവിൽ മതിപ്പുണ്ടായിരുന്നു. ഇത്തിരിയോളം പോന്ന പുളിമാവിനെ അയാൾ വർദ്ധിപ്പിച്ചെടുത്തു. അതാണ് ഇന്ന് ബിബിൻ ജോർജിനെ നാലാളറിയുന്ന വ്യക്തിയാക്കിമാറ്റിയത്.