എഴുപതുകളുടെ അവസാനത്തിലും, എൺപതുകളുടെ ആദ്യപാദത്തിലുമായി കേരള സർക്കാർ ആലോചിച്ച് പിന്നീട് പല കാരണങ്ങളാൽ ഉപേക്ഷിക്കപെട്ട അനേകം ജല വൈദ്യുത പ്രോജക്റ്റുകളിലൊന്നിൽ, ഒരു താൽക്കാലിക വാച്ച്മേൻ ആയാണ് അയാൾ നിയമിക്കപെട്ടത്. അതുവരെ നാട്ടിലെ ഇലക്ട്രിസിറ്റി ആപ്പീസുകളിൽ, അവരുടെ ദിവസവേതനക്കാരായ മസ്ദൂർ ജോലിക്കാരനായാണ് അയാൾ ജോലിചെയ്തിരുന്നത്. വലിയ ഉരുണ്ടു നീണ്ട തേക്കിൻ തടികൾ വൈദ്യുതി പോസ്റ്റുകളായി ഉപയോഗിച്ചിരുന്ന കാലം, മനുഷ്യാദ്ധ്വാനം കഠിനമായി ആവശ്യപെടുന്ന ആ ജോലിയിൽ അയാൾ നല്ല മിടുക്കനായിരുന്നു. അയാളെ ഇഷ്ടപെട്ട ഒരു എക്സിക്യൂറ്റീവ് എൻജിനീയർ പറഞ്ഞതിൽ പ്രകാരമാണ്, കൊടുംകാട്ടിലേക്ക് ഒറ്റയ്ക്ക്, എട്ടുകട്ട ടോര്ച്ചിന്റെയും മെഴുകുതിരിയുടെയും ബലത്തിൽ കുറച്ച് അരിയും ഉപ്പും മറ്റ് അവശ്യവസ്തുക്കളും ചുമടേറ്റി അയാൾ പോയത്.
ആദ്യനാളുകളിലെ ആവേശം ഒന്നടങ്ങിയപ്പോൾ, ഒന്നും ചെയ്യാനില്ലാതിരുന്നതിന്റെ മടുപ്പും, തുരുമ്പ് പിടിച്ചുതുടങ്ങിയ മെഷിനറികളുടെയും, പ്രോജക്റ്റ് സൈറ്റിലെ നനഞ്ഞ വായു തങ്ങിനിന്ന തന്റെ ഒറ്റമുറിയുടെ ഏകാന്തതയിലും തികച്ചും ശൂന്യനായപ്പോൾ, അയാൾ ചുറ്റുപാടുമൊക്കെ കാണാനിറങ്ങുകയായിരുന്നു. അങ്ങനെയൊരു പതിവ് ചുറ്റികറങ്ങലിനിടെയാണ്, പണ്ടെങ്ങോ ഉപയോഗിച്ചിരുന്ന ഒരു ക്രിസ്ത്യൻ സെമിത്തെരിയുടെ ഉള്ളിലേക്ക് അയാൾ കടന്നുചെല്ലുന്നത്. ചുറ്റുമുള്ള മരങ്ങൾക്ക് പകരം നിറയെ അകിലും ചന്ദന മരങ്ങളും നിറഞ്ഞ സെമിത്തേരി. ഭൂരിഭാഗവും ബ്രിട്ടിഷുകാരായ ഓഫീസർമാരുടെയും, അവരെ സഹായിക്കാനുണ്ടായിരുന്ന ഒന്നോ രണ്ടോ ശ്രീലങ്കൻ (സിലോൺ) ഭൃത്യന്മാരുടെയും തകർന്നുതുടങ്ങിയ കല്ലറകൾ. അതിലൊരു കല്ലറ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. ഇരുപത്തിയൊന്ന് വയസ്സ് പ്രായമുള്ള, ആ പ്രായത്തിൽ മരിച്ചുപോയ ഒരു ക്രിസ്ത്യൻ പാതിരിയുടെ/ അതോ പാസ്റ്ററിന്റെയോ കല്ലറ. റവ. ജോൺ സെസിൽ വിന്ത്രോപ്പ്. ഇരുപത്തിയൊന്ന് വയസ്സിൽ തന്നെ പുരോഹിതനോ പാസ്റ്ററോ ആയ ഒരാൾ. 14 September 1812 (Yorkshire, England) ൽ ജനിച്ച്,1832 സെപ്തംബറിൽ പുരോഹിതനായി, 18 November ൽ മരിച്ചുപോയ ഒരാൾ. എന്തോ ഒരു കൌതുകത്തിന് ആ കല്ലറയുടെ ചുറ്റും വൃത്തിയാക്കുകയും, സാധ്യമാകുന്ന ദിവസങ്ങളിൽ എല്ലാം അവിടെ പോയിരിക്കുകയും ചെയ്യുന്ന അയാൾ ഒരു ദിവസമാണത് ശ്രദ്ധിക്കുന്നത്. താൻ സെമിത്തേരിയിൽ പ്രവേശിച്ച ഉടൻ തന്നെ പതിവില്ലാത്ത ഒരു കാറ്റ് തന്നെ ചൂഴ്ന്നു നിൽക്കുന്നു. വലിയ കാറ്റൊന്നുമല്ല, ഒരു ചെറിയ തെന്നൽ, സെമിത്തെരിയിലെ ചന്ദനമരങ്ങളെ മാത്രം ഉലയ്ക്കുന്ന ഒരു ചെറുകാറ്റ്. തന്റെ മുഖത്തും വസ്ത്രങ്ങളിലും ചുറ്റിയോഴുകുന്ന കാറ്റ്. വേറെ ഒന്നും സംഭവിച്ചിട്ടില്ല, വേറെ അത്ഭുതങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടില്ല, കാരണമറിയാത്ത ഒരു കാറ്റ് തന്നെ വന്ന് പൊതിയുന്നതയാൾക്ക് അനുഭവമായി. ആരോ ഒരാൾ തന്നെ വരവേൽക്കുന്നപോലെ, ഒരജ്ഞാത സാന്നിധ്യം. അജ്ഞാതനായ ഏതോ ഒരാൾ, സഹയാത്രികനായി മാറുന്ന തോന്നൽ.
ഒ എൻ വി കുറുപ്പിന്റെ മനോഹരമായ പ്രയോഗമാണ് അത്; അജ്ഞാതനായ സഹയാത്രികൻ. നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി …എന്ന് തുടങ്ങുന്ന മനോഹര ഗാനം കേൾക്കാത്തവരുണ്ടാകില്ല. (സംഗീതം: മോഹൻ സിത്താര, ചിത്രം: വചനം, പാടിയത്: യേശുദാസ്)
കൂടെനടക്കുന്ന, സഹയാത്രികനായ ഒരാൾ. ആരെന്നറിയില്ല. ഒരുപക്ഷെ പേരുമറിയില്ല. അജ്ഞാതനായ ദേവന് വേണ്ടിയുള്ള ബലിപീഠം. അജ്ഞാതനായ സഹയാത്രികന് സ്തുതിപാടുന്ന ഒരു കവി, ഇങ്ങ് കേരളത്തിൽ! അറിയാത്തവർക്ക് പരദേശിക്ക്- സ്തുതിയൊരുക്കുന്ന മനുഷ്യർ. എന്തൊരു സുന്ദരമായ കല്പ്പനയാണത്!
തനിക്കറിയാവുന്ന, ഏറെ അറിയാവുന്ന ഒരാളെ പ്പറ്റിയാണ്, അയാളുടെ നിശബ്ദ സാന്നിധ്യത്തെപ്പറ്റിയാണ്, എന്നാൽ മുണ്ടൂർ കൃഷ്ണൻകുട്ടി മാഷ് തുടർച്ചയായി എഴുതിയത്. തന്റെ സകല യാത്രകളിലും, പാടവരമ്പുകളിലും ഊണിലും ഉറക്കത്തിലും വരെ തനിക്ക് അനുഭവിക്കാൻ പറ്റിയ ആ ദിവ്യസാന്നിദ്ധ്യം. കൂടെ നടക്കുമ്പോൾ പുറകിൽ ഉലയുന്ന കുപ്പായ ചെത്തം. അതിനേപ്പറ്റി മാഷ് ഏറെ എഴുതി. തന്റെ എഴുത്തിന്റെ പരിമിതിയായി പോലും പലരും അതെണ്ണിയപ്പോഴും ആ സഹയാത്ര അവസാനിപ്പിക്കാൻ മാഷ് തയ്യാറായിരുന്നില്ല. താനും മകനും കൂടാതെ അകാലത്തിൽ, തന്നെ വിട്ടുപോയ പ്രിയമുള്ള സഹയാത്രികയെ, തന്റെ ഭാര്യയെ കൂട്ടിയായിരുന്നു മാഷ് ജീവിതാവസാനം വരെ സഞ്ചരിച്ചതും. ‘മൂന്നാമതൊരാൾ ‘ വായനക്കാർക്ക് അത്രയേറെ പ്രിയപ്പെട്ടതാകുന്നതും, ഈ തീവ്രമായ ജീവിതാനുഭവം വായനക്കാരിലേക്കും പകരുന്നത് കൊണ്ടാണ്.
ഈ കുറിപ്പ് ഇവിടെ തീരുകയാണ്. പക്ഷേ ആദ്യം പരാമർശിച്ച വാച്ച്മേൻ ആരെന്ന് പറയാതെ പോകുന്നത് ശരിയല്ലല്ലോ…
അല്ലെങ്കിൽ വേണ്ട, അയാൾ, നിങ്ങൾക്ക് അജ്ഞാതനായ ഒരു വാച്ച്മേൻ തന്നെയായി നിൽക്കട്ടെ, ചന്ദനമരങ്ങൾ തീർത്ത തണലിൽ ഏതോ ഒരു കാലത്തിൽ, വനത്തിന്റെ നിശബ്ദ ഗാംഭീര്യത്തിൽ, പുരാതനമായ ഒരു സിമിത്തേരിയിൽ, ഏകനായൊരാൾ. അയാളെ ചൂഴ്ന്ന് ഇളം തെന്നലായി നിൽക്കുന്ന മറ്റൊരാൾ.
സന്തോഷ് ചുങ്കത്ത്