കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്. ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ. തനിച്ചായിരിക്കുന്നതിൽ ഏറെ അസ്വസ്ഥത അനുഭവിക്കുന്നവരാണ് അവർ. ഇണ നഷ്ടപ്പെടുമ്പോഴും തുണ നഷ്ടപ്പെടുമ്പോഴും മാതാപിതാക്കൾ നഷ്ടപ്പെടുമ്പോഴും എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള അനിശ്ചിതത്വവും ആശങ്കയും പിടിമുറുക്കുകയും ഒന്നും ചെയ്യാൻ കഴിവില്ലാത്തവിധത്തിൽ ജീവിതങ്ങൾ ഞെരുക്കപ്പെടുകയും ചെയ്യാറുണ്ട്.
എന്തുകൊണ്ട് ഇങ്ങനെയൊരു മാനസികാവസ്ഥ രൂപപ്പെട്ടുവെന്ന് ചോദിച്ചാൽ നമ്മുടെ സമൂഹനിർമ്മിതി അത്തരത്തിലുള്ള ഒന്നാണ് എന്നാണ് മറുപടി. കൂട്ടായ്മയെ ആധാരമാക്കിയുള്ള ഒരു സമൂഹമാണ് നമ്മുടേത്. മാത്രവുമല്ല മനുഷ്യനെ ഒരു സാമൂഹ്യജീവിയായിട്ടാണ് നാം കണക്കാക്കിപ്പോരുന്നതും. പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവർ. പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയില്ല എന്നൊരു ധാരണ നമ്മുടെ ഉള്ളിലെവിടെയോ അടിഞ്ഞുകൂടിക്കിടക്കുന്നുണ്ട്, എങ്കിലും തനിച്ചായിരിക്കുന്നതിലോ തനിച്ച് എന്തെങ്കിലും ചെയ്യുന്നതിലോ നാം അത്യധികമായി പേടിക്കേണ്ടതില്ല.
കാരണം തനിച്ചായിരിക്കുക എന്നത് ഒറ്റപ്പെട്ട അവസ്ഥയല്ല മറിച്ച് സ്വയം അറിയാനുള്ള അവസരമാണ്. പലതിനെയും നേരിടാനും പലതും ചെയ്യാനുമുള്ള അവസരമാണ്. വ്യക്തിത്വവികാസത്തിനും ആത്മവിശ്വാസത്തിനും അതാവശ്യവുമാണ്.
തനിച്ചായി കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നതിന്റെ ആദ്യപടി അതിനെ അംഗീകരിക്കുകയാണ്. ഈ നിമിഷം, ഈ സമയം ഞാൻ തനിച്ചാണ് എന്ന് വിശ്വസിക്കുകയും അതിനെ ഉള്ളിലേക്ക് എടുക്കുകയും ചെയ്യുക. എന്നാൽ ഈ നിമിഷത്തെ ഞാൻ സ്നേഹിക്കുന്നുവെന്ന് സ്വയം പറയുകയും ചെയ്യുക. തനിച്ചായിരിക്കുന്നത് ശാന്തതയുടെ പരിശീലനമായി കാണാൻ തുടങ്ങുമ്പോൾ മനസ്സിനും അതിന് അനുസരിച്ച് മാറ്റം ഉണ്ടാകും.
ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങുകയാണ് രണ്ടാമത്തെ ഘട്ടം.ഒറ്റയ്ക്ക് ഒരു കഫേയിൽ പോകുക, നടക്കാൻ പോവുക, സിനിമയ്ക്കു പോകുക പോലെയുള്ള ലളിതമായ കാര്യങ്ങൾ ചെയ്യുക. ആദ്യമൊക്കെ ബുദ്ധിമുട്ടുതോന്നാം. പതുക്കെ അതിൽ സന്തോഷവും സംതൃപ്തിയും തോന്നിത്തുടങ്ങും. മറ്റൊരാളോട് കാണിക്കുന്ന കരുണയും പിന്തുണയും സ്വയം കാണിക്കുക. നിങ്ങൾക്ക് കൂട്ട് ആവശ്യമില്ലെങ്കിലും, നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഏറ്റവും നല്ല കൂട്ടുകാരൻ എന്ന് മനസ്സിലാക്കുക. തനിച്ചായിരിക്കാൻ പഠിക്കുന്നത് സ്വയം ബഹുമാനിക്കാനുള്ള അഭ്യാസമാണ്.
തനിച്ചായിരിക്കുമ്പോഴാണ് സ്വന്തം താല്പര്യങ്ങളെ,കഴിവുകളെ വികസിപ്പിക്കാൻ അവസരം വരുന്നത്. വായനയാവാം, എഴുത്താകാം. ചിത്രരചനയാകാം. പാട്ടുകേൾക്കലാകാം, യാത്രയാകാം. ആകർഷിക്കുന്നതെന്തോ അതിൽ മുഴുകുക സമയം ചെലവഴിക്കാൻ മാത്രമല്ല, ആത്മാവിനോടുള്ള ബന്ധം ആഴപ്പെടുത്താനും ഇതേറെ സഹായകരമായിരിക്കും.
മറ്റുള്ളവരുടെ വിലയിരുത്തലാണ് തനിച്ചായിപോകുന്നതിലുള്ള പേടിയുടെ പ്രധാന കാരണം. ഭർത്താവ് മരിക്കുകയും മക്കൾ ജോലി സ്ഥലത്ത് ആയിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ ഒറ്റയ്ക്ക് ജീവിക്കാൻ സമൂഹം അനുവദിക്കാറില്ല. എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും എന്നാണ് അവരുടെ ആശങ്ക. ഈ ആശങ്ക പേടിയായി അവരിലേക്ക് വളരുന്നു. അതുപോലെ അവൻ/ അവൾ ഒറ്റയ്ക്കാണല്ലോ എന്ന പോലെയുള്ള അഭിപ്രായങ്ങളും വ്യക്തികളെ സ്വാധീനിക്കാറുണ്ട്. എന്നാൽ അതെല്ലാം അവഗണിക്കുക. സ്വയം ആശ്വാസം കണ്ടെത്തുന്നത് മറ്റുള്ളവർ മനസ്സിലാക്കണമെന്നില്ല; അത് നിങ്ങൾക്ക് തന്നെ അനുഭവിക്കേണ്ടതാണ്.
തനിച്ചായിരിക്കുന്നതിൽ ആശ്വാസം കണ്ടെത്താൻ തുടങ്ങുമ്പോൾ, ജീവിതത്തിലെ പല അവ്യക്തതകളും വ്യക്തമായി തോന്നും. അപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ കൂട്ട് ആവശ്യമില്ല. മറിച്ച് അവരുടെ അസാന്നിധ്യം ആസ്വദിക്കാൻ മനസ്സിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. തനിച്ചായിരിക്കുക കലയാണ്, അത് അഭ്യസിക്കേണ്ടതുണ്ട്. തനിച്ചായിരിക്കാൻ സമയമില്ലാത്തവരാണോ നിങ്ങൾ? അങ്ങനെയും കണ്ടുവരാറുണ്ട്. എല്ലാവരും ഉള്ളതുകൊണ്ട് തനിച്ചായിരിക്കാൻ കഴിയാതെ പോകുന്നവർ.
അവർ തങ്ങൾ ഒറ്റയ്ക്കായിരിക്കുന്നതിനുവേണ്ടി സമയം കണ്ടെത്തുക. അതിനായി ഫോണുകൾ അകറ്റിവെക്കുക, ആളുകളിൽ നിന്ന് അകന്നുനില്ക്കുക, മനസിന്റെ ശബ്ദം കേൾക്കുക. ആ ശബ്ദത്തിൽ നിന്നാണ് യഥാർത്ഥ ബലം ജനിക്കുന്നത്. തനിച്ചായിരിക്കുക ഒരിക്കലും ശിക്ഷയല്ല അതൊരു സാധ്യതയാണ്. അവനവരെ പ്രകാശിപ്പിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള സാധ്യത.
