സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുവേണ്ടതായ ചില മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
പുഞ്ചിരിയോടെ ആരംഭിക്കുക
അപരിചിതനോടോ പരിചിതനോടോ ആരോടുമായിരുന്നുകൊള്ളട്ടെ സംസാരിച്ചുതുടങ്ങുന്നത് ചിരിയോടെയായിരിക്കട്ടെ.. മുഖത്ത് ചിരിയോടെ സംസാരിക്കുമ്പോൾ അപരിചിതത്വം മാറുകയും സൗഹൃദം തോന്നുകയും ചെയ്യും. ചിരി വ്യക്തമാക്കുന്നത് നിങ്ങൾ സംസാരിക്കാൻ കൊള്ളാവുന്ന ആളാണ് എന്നാണ്.
കണ്ണിൽനോക്കി സംസാരിക്കുക
മഹാന്മാരെന്ന് ഒരു വിഭാഗം ആളുകൾ പുകഴ്ത്തുന്ന ചിലർക്ക് മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കാനുള്ള കഴിവോ ധൈര്യമോ ഇല്ല. അവർ വലിയ കാര്യങ്ങൾ പ്രസംഗിക്കുകയും ആൾക്കൂട്ടങ്ങളെ കൈയിലെടുക്കുന്നവരോ ആയിരിക്കാം. പക്ഷേ വ്യക്തിപരമായി സംസാരിക്കുമ്പോൾ അവർക്ക് മുഖത്തുനോക്കി സംസാരിക്കാൻ കഴിയുന്നില്ല. മറ്റുള്ളവരുടെ കണ്ണിൽ നോക്കി സംസാരിക്കുക. ഇനി അതിന് കഴിയുന്നില്ലെങ്കിൽ മുഖത്തുനോക്കിയെങ്കിലും സംസാരിക്കുക.
പേരുവിളിച്ചു സംസാരിക്കുക
എല്ലാവർക്കും അവനവരുടെ പേരുകൾ ഇഷ്ടമാണ്. അതുകൊണ്ട് സംസാരിച്ചുതുടങ്ങുമ്പോഴോ സംസാരത്തിനിടയിലോ പേരുവിളിക്കുക.
സാഹചര്യം മനസ്സിലാക്കി സംസാരിക്കുക
ചിലർ വളരെ വിഷമത്തിലോ സമ്മർദ്ദത്തിലോ ആയിരിക്കും. ഈ സാഹചര്യത്തിൽ അവരുടെ മൂഡ് മനസ്സിലാക്കി സംസാരിക്കുക. അനുചിതമായ സംസാരം ബന്ധങ്ങളെ വഷളാക്കും.
