നല്ലതാണ് സംസാരം 

Date:

വർഷങ്ങളായുള്ള പരിചയമുണ്ടായിരുന്നു ആ വ്യക്തിയുമായിട്ട്. പക്ഷേ  നേരിട്ടു കാണുകയോ സംസാരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. വളരെ ഔപചാരികമായ ബന്ധം മാത്രമായിട്ടാണ് അതിനെ കരുതിപ്പോന്നിരുന്നതും. മാത്രവുമല്ല ചില മുൻവിധികൾ ബാക്കിയുണ്ടായിരുന്നു താനും. ഫോണിലൂടെയുള്ള സംസാരത്തിൽ  അതുകൊണ്ടുതന്നെ ബോധപൂർവ്വമായ അകലം പാലിക്കാനുംശ്രദ്ധിച്ചിരുന്നു.

എന്നാൽ അടുത്തയിടെ അദ്ദേഹം ഭാര്യാസമേതം വീടു സന്ദർശിക്കാനെത്തി സംസാരിച്ചുതുടങ്ങിയപ്പോൾ അതുവരെ ഫോണിലൂടെ അനുഭവിച്ച ആളേ അല്ല. എന്തൊരു അടുപ്പം. എത്ര പെട്ടെന്നാണ് അകലങ്ങളൊക്കെ ഇല്ലാതായത്.  അക്കാര്യം അദ്ദേഹത്തോടു തുറന്നുപറയാനും മടിച്ചില്ല.

ഞാൻ കരുതിയതുപോലെയുള്ള ആളേ അല്ല താങ്കളും ഭാര്യയും. ആദ്യമായി കണ്ടുമുട്ടുന്ന ഒരു വ്യക്തിയോടു പോലും ഇത്രയധികം അടുപ്പത്തോടെ മറയില്ലാതെ എങ്ങനെ സംസാരിക്കാൻ കഴിയുന്നു.അദ്ദേഹവും ഭാര്യയും യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞങ്ങൾ വീട്ടിൽ കുറച്ചുനേരത്തേക്ക് സംസാരിച്ചതും അവരെക്കുറിച്ചായിരുന്നു. ആദ്യമായി കണ്ടുമുട്ടുന്നവർ. എന്നിട്ടും അപരിചിതത്വം കൂടാതെ സംസാരിക്കാൻ സാധിക്കുന്നു. അത് തീർച്ചയായും അവരുടെ വൈശിഷ്ട്യമാണ്. സമ്മതിക്കാതെ വയ്യ. സുരക്ഷിതമായി തിരികെയെത്തിയോ എന്നറിയാൻ മണിക്കൂറുകൾക്ക് ശേഷം ഫോൺ ചെയ്ത് തിരക്കിയപ്പോൾ പറഞ്ഞത് തന്നെ ആവർത്തിക്കാനും മറന്നില്ല. അപ്പോൾ അദ്ദേഹവും പറഞ്ഞു, ഞങ്ങൾക്കും വളരെ സന്തോഷംതോന്നി. നിങ്ങളെ കണ്ടതും സംസാരിച്ചതും…
സംസാരം എങ്ങനെയാണ് ഹൃദ്യമായി മാറുന്നത്? മുൻവിധികളില്ലാതെയും മറകളില്ലാതെയും സംസാരിക്കുമ്പോഴാണ് സംസാരം മധുരതരമായഅനുഭവമാകുന്നത്. അത്തരമൊരു അനുഭവത്തിലേക്ക് കടക്കാൻ ഇരുഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമമുണ്ടാകണം. അതിന് ആദ്യം ഒരാൾ  സംസാരിച്ചുതുടങ്ങണം. അയാളിലെ തരംഗദൈർഘ്യം മനസ്സിലാക്കി മറ്റെയാൾ  പ്രതികരിക്കുക. പലപ്പോഴും കണ്ടുവരുന്നത് ഒരാൾ ചിലപ്പോൾ ഹൃദ്യമായും മറകളില്ലാതെയും സംസാരിച്ചുതുടങ്ങിയാലും കേൾക്കുന്ന ആൾ അതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്നില്ല എന്നാണ്. അയാൾക്ക് അത്രത്തോളം സുതാര്യത ഉണ്ടാവണമെന്നില്ല. ഫലമോ ഒരാൾ മാത്രം സംസാരിക്കുകയും  അവിടെ പരസ്പരമുള്ള ബന്ധരൂപീകരണം അസാധ്യമായി മാറുകയും ചെയ്യുന്നു. ഓ, ഇങ്ങനെയൊരാളോടാണല്ലോ ഞാൻ സംസാരിച്ചതെന്ന ഇച്ഛാഭംഗത്തിനും അത് കാരണമാകുന്നു. 
ഒരേ സമയം ബന്ധം വളർത്താനും തളർത്താനും സംസാരത്തിനു കഴിയും. 

തുറവിയുളള സംസാരം ബന്ധം വളർത്തും.   അടച്ചുപൂട്ടിയ ഹൃദയവും ചിന്തയുമുള്ളവരും വരികൾക്കിടയിലൂടെ വായിക്കുന്നവരുമായ വ്യക്തികളുമായുള്ള  സംസാരം ബന്ധങ്ങളെ വളർത്തുകയില്ലെന്ന് മാത്രമല്ല ഉള്ള ബന്ധങ്ങളെ പോലും വിച്ഛേദിച്ചുകളയുകയും ചെയ്യും. അതുകൊണ്ട്പറയാത്ത ആശയവും ഉദ്ദേശിക്കാത്ത അർത്ഥവും നല്കി വാക്കുകളെ വളച്ചൊടിക്കുന്നവരുമായി സംസാരിക്കാൻ തുടങ്ങുമ്പോൾ സൂക്ഷിക്കുക. അവർ ചിലപ്പോൾ നമ്മുടെ മാനസികാരോഗ്യം കൂടി  തകർത്തുകളയും.

സംസാരം എപ്പോഴും സ്വയം അനാവൃതമാകലാണ്. ആടകളും ആഭരണങ്ങളും അഴിച്ചുവച്ച് ഒരു സ്നാനത്തിന് ഇറങ്ങുന്നതുപോലെയാണ് അത്. ഒരാൾ എന്താണോ അതാണ് സംസാരത്തിലൂടെ പുറത്തുവരുന്നത്. പരസ്പരാദരവും സത്യസന്ധതയും എല്ലാ സംസാരത്തിന്റെയും അടിസ്ഥാനമാണ്. താൻ മാത്രമാണ് കേമൻ എന്ന ജാഡയും സംസാരത്തിനാവശ്യമില്ല. എന്നെപോലെ തന്നെ നീയും തുല്യൻ. ഇതാണ് വേണ്ടത്. തുല്യത ഇല്ലാതെ വരുമ്പോഴാണ് സംസാരം മുന്നോട്ടുപോകാനാവാതെ നിന്നുപോകുന്നത്. സംസാരത്തിൽ അടിമത്തമോ അധീശ്വത്വമോ പാടില്ല. പറയാൻ മാത്രമല്ല കേൾക്കാനും തയ്യാറാകണം. അമ്പുകൊണ്ടു മുറിഞ്ഞവരെക്കാൾ കൂടുതലാണ് വാക്കുകൊണ്ട് മുറിഞ്ഞവരെന്നും മറന്നുപോകരുത്.

ബിജു സെബാസ്റ്റ്യൻ

More like this
Related

കുട്ടികളും മൊബൈലും

മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം...

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു,...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...