ക്ഷമയുടെ സന്തോഷങ്ങൾ; ഏറ്റുപറച്ചിലിന്റെയും

Share post:

മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത് ശരിയുമാണ്. ഏതൊക്കെ അവസരങ്ങളിൽ, എങ്ങനെയൊക്കെയാണ് മനസ്സ് കുതറിയോടിയിട്ടുള്ളത്? അതൊക്കെ നാം ദുഷ്ടരായതുകൊണ്ടായിരുന്നോ. ഒരിക്കലുമല്ല. മറിച്ച് മനുഷ്യരായതുകൊണ്ടായിരുന്നു. ചില ദൗർബല്യങ്ങളും ബലഹീനതകളും ഉള്ളതുകൊണ്ടായിരുന്നു. അതുകൊണ്ടാണ് ചില നിമിഷങ്ങളിൽ ചിലരൊക്കെ ഇല്ലാതായിരുന്നുവെങ്കിൽ ഒരുവട്ടമെങ്കിലും ചിന്തിച്ചുപോകുന്നത്.  അത്രമേൽ  ദുഷ്ടത സമ്മാനിച്ച വ്യക്തികൾ പോലുമായിരിക്കണമെന്നില്ല  അത്.  എന്നിട്ടും വെറുതെ എപ്പോഴോ അങ്ങനെ ആഗ്രഹിച്ചുപോകുന്നു. ഒന്ന് ഒഴിവായിപോയിരുന്നുവെങ്കിൽ… അപ്പോഴും. അവരെ നാം സ്നേഹിക്കുന്നു പോലുമുണ്ടാവാം. എന്നിട്ടും ദേഷ്യങ്ങൾക്കും വെറുപ്പിനും പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയിൽ മനസ്സ് അസ്വസ്ഥമാകുമ്പോൾ അങ്ങനെ ചിന്തിച്ചുപോകുന്നു. ഇല്ലാതായിരുന്നുവെങ്കിലെന്ന്… നിർഭാഗ്യവശാൽ അങ്ങനെയൊന്ന് സംഭവിച്ചുകഴിയുമ്പോൾ അക്കാര്യം തുറന്നുപറയാൻ നമുക്ക് മുമ്പിൽ ഒരു കുമ്പസാരക്കൂട് ഇല്ലാത്തതുകൊണ്ട ഉമിത്തീയിലെന്നതുപോലെ ജീവിതകാലം മുഴുവൻ വെന്തുനീറേണ്ടിവരുന്നു. ബോബി -സഞ്ജയുടെ തിരക്കഥയിൽ മനു അശോക് സംവിധാനം ചെയ്ത കാണെക്കാണെ എന്ന സിനിമയിലെ അലൻ എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ അപഗ്രഥിക്കുമ്പോൾ  മനസ്സിലാക്കുന്നത് ഇക്കാര്യങ്ങളാണ്. സ്നേഹമയിയായ ഭാര്യക്കും ആലംബം കൊതിച്ചുനില്ക്കുന്ന കാമുകിക്കുമിടയിൽ  മനസ്സു ഉലഞ്ഞുപോയ അലന്റെ കഥയാണ് ഒരർത്ഥത്തിൽ കാണെക്കാണെ. മകളുടെ അപകടമരണത്തിന്റെ രഹസ്യം തേടി  അന്വേഷണം നടത്തുകയും ആ മരണത്തിന് പിന്നിൽ പരോക്ഷമായെങ്കിലും മരുമകൻ കാരണക്കാരനാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോഴുണ്ടാകുന്ന മാനസികസംഘർഷത്തിൽ ജീവിക്കേണ്ടിവരുന്ന പോളിന്റെ കഥയാണ് കാണെക്കാണെ. എന്നാൽ അവരുടേതു മാത്രം കഥയാണോ കാണെക്കാണെ? അല്ല. ഭാര്യയുള്ള ഒരു പുരുഷനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുകയും അതിന്റെസംഘർഷങ്ങൾ ജീവിതത്തിൽ നേരിടേണ്ടിവരുകയും ചെയ്യുന്ന സ്നേഹയുടെയും സെറിന്റെയും അലന്റെയും മകൻ കുട്ടൂസിന്റെയും കഥയാണ് ഇത്. ആത്യന്തികമായി ഈ സിനിമ പറയുന്നത എന്താണ്?  ആരും പൂർണ്ണമായും തെറ്റുമല്ല ശരിയുമല്ല. എല്ലാ മനുഷ്യരും  നന്മയുടെയും തിന്മയുടെയും സമാസമങ്ങളാണ്.  അല്ലെങ്കിൽ സാഹചര്യത്തോടുള്ള പ്രതികരണമാണ് ഓരോരുത്തരുടെയും നന്മതിന്മകളെ പുറത്തുകൊണ്ടുവരുന്നത്. എത്തിച്ചേരാൻ വൈകിയ ഭാര്യയെ അന്വേഷിച്ചുപോകുന്ന അലൻ വഴിയരികിൽ അവളുടെ സ്‌കൂട്ടറാണ് അപകടത്തിൽ പെട്ട് കിടക്കുന്നത് എന്ന് മനസ്സിലാക്കിയിട്ടും അപ്പോഴത്തെ മാനസികസംഘർഷത്തിൽ കാമുകിക്കുവേണ്ടി ആ അപകടം അവഗണിച്ചുകളയുന്നു. പിന്നെ കുറ്റബോധം കൊണ്ട് നീറി തിരികെ വരുമ്പോഴേയ്ക്കും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുകഴിഞ്ഞിരുന്നു.  ഒഴിവാക്കാവുന്ന ചില അപകടങ്ങൾ പോലും  നമ്മുടെ അവഗണന കൊണ്ട് ഒഴിവാക്കപ്പെടാതെ പോകുന്നു. എന്തൊരു കഷ്ടമാണ് അത്.


 മരുമകന്റ രണ്ടാം ഭാര്യ അപകടത്തിൽ പെട്ട് കിടക്കുന്നത് കാണുമ്പോൾ   താൻ അനുഭവിച്ച വേദനയും നഷ്ടബോധവും അവനും അനുഭവിക്കട്ടെയെന്ന് കരുതി അവഗണിച്ചുകളയാനാണ് പോൾ മത്തായിക്ക് ആദ്യം തോന്നലുണ്ടായത്. പക്ഷേ അടുത്ത മാത്രയിൽ അയാളിലെ മനുഷ്യസ്നേഹി ഉണരുന്നു. അങ്ങനെ അയാളുടെ സൗമനസ്യം കൊണ്ട് സ്നേഹയും കുഞ്ഞും ജീവിതത്തിലേക്ക് തിരികെുവരുന്നു. അതുപോലെ ലോഡ്ജ് മുറിയിൽ വച്ച് പോൾ മത്തായി രോഗബാധിതനാകുമ്പോൾ ഒരുപക്ഷേ അയാളെ ഇല്ലാതാക്കാൻ അലന് നിഷ്പ്രയാസം സാധിക്കുമായിരുന്നു. പക്ഷേ ലോഡ്ജുകാരന് തന്റെ നമ്പർ നല്കി പോളിനെ പ്രത്യേകമായി ഒന്ന് ശ്രദ്ധിക്കണമെന്ന് പറഞ്ഞേല്പിച്ചിട്ടാണ് അലൻ മടങ്ങിപ്പോകുന്നത്. ബൈബിളിലെ നല്ല സമറിയാക്കാരൻ സത്രമുടമയെ കാര്യങ്ങൾ ഏല്പിച്ചിട്ടുപോകുന്നതിനെയാണ് അത് അനുസ്മരിപ്പിച്ചത്.
ഇവിടെയാണ് മാനുഷികതയുടെ അളവുകോൽ ഓരോരുത്തരിലും വ്യത്യസ്തമാണെന്ന് പറയേണ്ടിവരുന്നത്. സാഹചര്യമാണ് മനുഷ്യനിലെ നന്മയെയും തിന്മയെയും പുറത്തുകൊണ്ടുവരുന്നത് എന്ന് പറയേണ്ടിവരുന്നതും. തെറ്റുകാരനായിരുന്നിട്ടും മരുമകനോട് ക്ഷമിക്കാൻ കഴിയുമ്പോഴാണ് പോളിന്റെ ജീവിതത്തിലേക്ക് സന്തോഷം കടന്നുവരുന്നത്. മരുമകനെ പ്രതിക്കൂട്ടിലാക്കാൻ തെളിവായി നില്ക്കുന്ന ശബ്ദരേഖ അയാൾതന്നെ ഡിലേറ്റ് ചെയ്ത് കളയുന്നതുവഴി സ്വന്തം മനസ്സിലെ അസ്വസ്ഥകളിൽ നിന്നുകൂടിയാണ് അയാൾ മോചിതനാകുന്നത്. അതോടെ അയാൾ എന്നേയ്ക്കുമായി ശാന്തനാകുന്നു. മരുമകന്റെ രണ്ടാം ഭാര്യയെ മോളേ എന്ന് വിളിക്കുന്നതിലൂടെ അയാൾ ക്ഷമയുടെ കൊടുമുടിയിലേക്ക് കയറുകയാണ്. ഇപ്പോൾ അയാൾ അലകളടങ്ങിയ കടൽ പോലെയായിരിക്കും.


ഒരു നിമിഷത്തെ വല്ലാത്ത തോന്നലിന്റെ ഭാരം ഇക്കഴിഞ്ഞ നാളുകൾ മുഴുവൻ സ്വയം ഉള്ളിൽ ചുമന്ന് അതിൽ നിന്ന് രക്ഷപ്പെടാൻ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടി ജീവിക്കുന്ന അലൻ, ഒരു കുമ്പസാരമെന്നോണം പോളിനോട് തനിക്കു മാത്രം അറിയാവുന്ന സത്യം തുറന്നുപറയുന്നതിലൂടെ വലിയൊരു സ്വാതന്ത്ര്യത്തിലേക്കാണ് പ്രവേശിക്കുന്നത്. രണ്ടുവർഷം ജയിൽ ശിക്ഷ അനുഭവിക്കാവുന്ന ഒരു തെറ്റാണ് ചെയ്തതെങ്കിലും ആ തുറന്നുപറച്ചിൽ അയാളെ ആത്മസംഘർഷത്തിൽ നിന്നും മോചിപ്പിച്ചെടുക്കുന്നു. ഉറച്ചു സംസാരിക്കാൻ അയാൾക്ക് കഴിയുന്നത്  പോലും അപ്പോൾ മുതൽക്കാണ്. അലന്റെ തുടക്കം മുതലുള്ള സംഭാഷണരീതി ശ്രദ്ധിച്ചുനോക്കൂ. അയാൾക്ക് ഒരിക്കലും തുറവിയുണ്ടായിരുന്നില്ല. തന്റെ മകന് വേണ്ടി അമ്മായിയച്ഛൻ കരുക്കൾ നിരത്തുന്നുണ്ടെന്ന് മനസ്സിലാക്കുമ്പോൾ വിട്ടുവീഴ്ചയില്ലാതെ പൊരുതാനുള്ളകരുത്ത് അയാൾക്ക് ലഭിക്കുന്നതുതന്നെ മനസ്സിലെ മാലിന്യം കഴുകിക്കളഞ്ഞുകൊണ്ടാണ്.


നമ്മുടെയുള്ളിലെ കുറ്റബോധങ്ങൾ അടക്കിവച്ചാൽ അത് എത്രത്തോളം നമ്മെ അസ്വസ്ഥരാക്കുമെന്നും തുറന്നുപറയുമ്പോൾ എത്രയധികം ആശ്വാസം ലഭിക്കുമെന്നാണ് അലന്റെ തുറന്നുപറച്ചിൽ വെളിപ്പെടുത്തുന്നത്.  സെറിൻ ജീവിച്ചിരിക്കെ സ്നേഹയുമായി ബന്ധം സ്ഥാപിക്കേേുമ്പാഴല്ലേ അലൻ യഥാർത്ഥത്തിൽ അവളെ കൊന്നുകളയുന്നത്?   സ്നേഹമില്ലാത്ത വിശ്വസ്തതയില്ലാത്ത ദാമ്പത്യബന്ധങ്ങളാണ് യഥാർത്ഥ കൊലപാതകങ്ങൾ. ശരീരത്തെയല്ല മനസ്സുകളെ വഞ്ചിക്കുന്നതാണ് കൊലപാതകം.


നമുക്കു ചുറ്റിനുമുള്ള ഒരുപാട് വിവാഹേതര ബന്ധങ്ങളിലേക്കു കൂടിയാണ് തിരക്കഥാകൃത്തുകൾ വെളിച്ചം വീശുന്നത്. ഭാര്യയും മക്കളും ഉണ്ടായിരിക്കെ തന്നെ മറ്റ് ചില ബന്ധങ്ങളിൽ ഏർപ്പെടുന്ന ഭർത്താക്കന്മാരും കുടുംബനാഥന്മാരോട് ആകർഷണം വച്ചുപുലർത്തി അവരെ വരുതിയിലാക്കുന്ന സ്ത്രീകളും നമ്മുടെ ചുറ്റുപാടുകളിൽ തന്നെയുണ്ട്.  അലനും സ്നേഹയും അവരുടെ പ്രതിനിധികളാണ്.


ഒരു നിമിഷത്തെ തോന്നാബുദ്ധിയിൽ ജീവിതം നഷ്ടപ്പെട്ടവരാണ് ബോബി- സഞ്ജയുടെ കഥാപാത്രങ്ങളെല്ലാം. ആദ്യ ചിത്രമായ എന്റെ വീട് അപ്പൂന്റേമിലെ കുട്ടിയും മുംബൈ പോലീസിലെ ആന്റണി മോസസും  ഇങ്ങേയറ്റം അലനും എല്ലാം  ഇത്തരത്തിൽപ്പെട്ടവരാണ്. സാഹചര്യം കൊണ്ട് കുറ്റവാളിയാകേണ്ടിവന്നവർ. അസാധാരണമായ സംഭവങ്ങൾ കൊണ്ടല്ല ചുറ്റുപാടുകളിലെ സാധാരണ സംഭവങ്ങളെ അസാധാരണസംഭവങ്ങ ളായി ചിത്രീകരിക്കുന്നതുവഴിയാണ് ഈ തിരക്കഥാകൃത്തുക്കൾ പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്.


ചിത്രത്തിൽ പ്രത്യേകം പരാമർശിക്കേണ്ടത് സുരാജ് വെഞ്ഞാറമൂടിനെയാണ്. റിട്ടയറാകാറായ തഹസീൽദാരായ ആ അച്ഛൻ കഥാപാത്രത്തെ എത്ര കയ്യടക്കത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്.


മകൾ മരിച്ചുപോയിട്ടും ഇപ്പോഴും താൻ അവളുടെ അച്ഛൻതന്നെയാണെന്ന ഒറ്റ ഡയലോഗ് മതി അയാളിടെ പിതൃവാത്സല്യത്തിന് തൊടുകുറിയാകാൻ.


ടൊവിനോയുടെ കുടുംബനാഥനും പ്രശംസ അർഹിക്കുന്നുണ്ട്. അയാൾ അനുഭവിക്കുന്ന അന്തസംഘർഷങ്ങൾ ആർക്കാണ് മനസ്സിലാവുക? ഇത്രയും ആഴത്തിലുള്ള ഒരു വേഷം ടൊവിനോ ചെയ്യുന്നതും ആദ്യമാണെന്ന് തോന്നുന്നു. കുടുംബങ്ങൾക്ക് ചിന്തിക്കാനും തിരുത്താനുമുള്ള ഒരു ചലച്ചിത്രാനുഭവം തന്നെയാണ് കാണെക്കാണെ.

സമസ്യ

Related articles

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം, സാമ്പത്തിക വിജയം, ബിസിനസ് വിജയം, ജോലിവിജയം..എന്താണെങ്കിലും വേണ്ടില്ല വിജയിച്ചാൽ മതി. വിജയിക്കാത്തവൻ...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ പൊതുവെ മനോഹരം, സുന്ദരം എന്നൊക്കെ  നിർവചിക്കുമ്പോഴും അവ എല്ലാവരുടെയും കാര്യങ്ങളിലും എല്ലായ്പ്പോഴും...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ് സ്ഫടികം. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിക്കുന്ന അപ്പൻ, ശാസ്ത്രീയമായ നേട്ടങ്ങളിൽ മനസ്സ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ വർഷങ്ങളോളം, ചിലപ്പോൾ ഒരു മനുഷ്യായുസ്സോളം തന്നെ നീണ്ടു പോകുന്ന കോടതിക്കേസുകളിൽ കുരുങ്ങി...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ സാധാരണക്കാരുടെ മകളായി ജനിച്ചുവളരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെയും പുരുഷകേന്ദ്രീകൃതമായ സമൂഹം അവളിൽ...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും പ്രോത്സാഹനവും മനസ്സിലാക്കലും  അടുപ്പവും മാത്രമല്ല  കണ്ണീരും സങ്കടവും വെറുപ്പും തെറ്റിദ്ധാരണയും  അകൽച്ചയും...