Home Health & Wellness Health ജിമ്മിൽ പോണോ?

ജിമ്മിൽ പോണോ?

0
ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട ജിംനേഷ്യം സെന്ററുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നാട്ടിൻപ്പുറങ്ങളിൽ പോലും ഹെൽത്ത് ക്ലബുകൾ രൂപപ്പെട്ടുകഴിഞ്ഞു. ഹെൽത്ത് ക്ലബുകളും അവിടേയ്ക്ക് പോകുന്നവരും വർദ്ധിച്ചുവരുന്നത് തന്നെ ആരോഗ്യത്തെ പ്രധാനപ്പെട്ടതായി കാണുന്നതുകൊണ്ടാണ്. എന്നാൽ ജിമ്മിൽ  പോയാൽ മാത്രമേ ആരോഗ്യം കിട്ടൂ, ഫിറ്റനസ് നിലനിർത്താൻ കഴിയൂ എന്ന് വിചാരിക്കാനും പാടിക്കില്ല. വീട്ടിൽ തന്നെ സ്ഥിരമായി എക്സർസൈസും  കാലിസ്തനിക്സ് വ്യായാമങ്ങളും സ്പോർട്സ് ആക്ടിവിറ്റികളും ചെയ്താൽ ഇവയൊക്കെ സാധിച്ചെടുക്കാവുന്നതേയുള്ളൂ. പല വീടുകളിലും ഇന്ന് സ്വകാര്യജിമ്മുകൾ ഉണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ജിമ്മിൽ പോകുന്നതാണ് കൂടുതൽ നല്ലത് എന്നാണ് വിദഗ്ദരുടെ അഭിപ്രായം. എന്തൊക്കെയാണ് ജിമ്മിൽ പോകുന്നതുകൊണ്ടുള്ള ഗുണങ്ങൾ?

 വീട്ടിൽ വച്ച്  വ്യായാമം ചെയ്യാം എന്ന് വിചാരിച്ചാൽ ചിലപ്പോഴെങ്കിലും അലസത പിടികൂടി അവയിൽ നിന്ന്  പിന്തിരിയാറുണ്ട്. മറ്റ് പലകാര്യങ്ങളുടെയും പേരു പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും. പക്ഷേ ജിമ്മിൽ പോകുന്ന  ശീലമുണ്ടെങ്കിൽ എല്ലാ ദിവസവും കൃത്യസമയത്ത് പോകാനാവും. തനിച്ച് വർക്കൗട്ട് ചെയ്യുമ്പോൾ നമ്മുടെ കഴിവിന്റെ പരമാവധി പലപ്പോഴും  ഉപയോഗിക്കാറില്ല. എന്നാൽ ജിമ്മിൽ ഒരു ട്രെയിനറുടെ സഹായത്തോടെ വ്യായാമം ചെയ്യുമ്പോൾ പരിമിതികളെ ലംഘിക്കുന്നവിധത്തിൽ വ്യായാമം ചെയ്യാനാവും.

വീട്ടിലെ ജിം ആണ് ഉപയോഗിക്കുന്നതെങ്കിൽ  ഫിറ്റ്നസ് ലെവലിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവണമെന്നില്ല. പക്ഷേ ജിമ്മിൽ പോകുമ്പോൾ ഫിറ്റ്നസ് ലെവൽ ശാസ്ത്രീയമായി ടെസ്റ്റ് ചെയ്യാനും അതനുസരിച്ചു മാറ്റങ്ങൾ വരുത്താനും കഴിയും. എപ്പോൾ വർക്കൗട്ട്ചെയ്യണം, എത്ര സമയം ചെയ്യണം, ഏതൊക്കെ ചെയ്യണം എന്ന കാര്യത്തിൽ നിർദ്ദേശം കിട്ടാൻ ജിം സഹായിക്കും. ഒരുമിച്ചു ഒരേ ചിന്താഗതിക്കാരായ ആളുകളുമൊത്ത് വ്യായാമം ചെയ്യുന്നത് മാനസികമായ സന്തോഷത്തിനും കാരണമാകും. പുതിയ സുഹൃത്തുക്കളെ നേടാനും ഇതുവഴി സാധിക്കും. ഒറ്റയ്ക്ക് ചെയ്യുന്നതിനെക്കാൾ ഒരുമിച്ചു ചെയ്യുമ്പോൾ മനസ്സിനും ശരീരത്തിനും ഒന്നുപോലെ ഗുണം ചെയ്യും.

ഇനി നിങ്ങൾ തീരുമാനിക്കൂ വ്യായാമം വീട്ടിൽ ചെയ്യണോ അതോ ജിമ്മിൽ പോകണോ?